ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; താഹിർ ഹുസൈന്റെ ജാമ്യ ഹരജി ജനുവരി 28ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ സ്ഥാനാർഥിയായ മുൻ ആപ് കൗൺസിലർ താഹിർ ഹുസൈന്റെ ജാമ്യ ഹരജി ജനുവരി 28ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് താഹിർ ഹുസൈൻ ഇടക്കാല ജാമ്യം തേടിയത്. ജാമ്യഹരജി ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
ജനുവരി 22ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് ഹുസൈന് ഇടക്കാല ജാമ്യം നേടാനായില്ല. ജസ്റ്റിസ് പങ്കജ് മിത്തൽ ജാമ്യ ഹരജി തള്ളിയും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ഇടക്കാല ജാമ്യം അനുവദിച്ചും വെവ്വേറെ വിധിയാണ് എഴുതിയത്.
മുസ്തഫാബാദ് മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ജനുവരി 14ന് ഹുസൈന് ഡൽഹി ഹൈകോടതി കസ്റ്റഡി പരോൾ അനുവദിച്ചു. എന്നാൽ തെരഞ്ഞെടുപ്പിനായി ജാമ്യം നൽകിയാൽ ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്ത് ജയിലിലുള്ള ഓരോ തടവുകാരനും മത്സരിക്കാൻ ജാമ്യം ചോദിച്ച് വരുന്ന സാഹചര്യമുണ്ടാകുമെന്നാണ് ജസ്റ്റിസ് മിത്തൽ പറഞ്ഞത്. ഉചിതമായ ഉപാധികളോടെ ഫെബ്രുവരി നാലുവരെ താഹിർ ഹുസൈന് ജാമ്യം അനുവദിക്കാമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല വിധിയിൽ വ്യക്തമാക്കി.
ആപ് നേതാവും കൗൺസിലറുമായിരുന്ന താഹിർ ഹുസൈനെ പൗരത്വ സമരം കൊടുമ്പികൊണ്ടപ്പോഴുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട 10 കേസുകളിലാണ് പ്രതിയാക്കിയത്. ഇവയിലെല്ലാം ജനത്തെ അക്രമത്തിന് പ്രേരിപ്പിച്ച കുറ്റമാണ് താഹിറിനെതിരെ ചുമത്തിയിരുന്നത്. ഒമ്പത് കേസുകളിലും താഹിറിന് ജാമ്യം അനുവദിച്ചു.
ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ മാത്രമാണ് ജാമ്യം അനുവദിക്കാതിരുന്നത്. ഈ കേസിൽ ജാമ്യം നൽകുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ജസ്റ്റിസ് പങ്കജ് മിത്തൽ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വീണ്ടും വാദം കേട്ടപ്പോഴാണ് ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ഭിന്ന വിധിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

