പുള്ളിപ്പുലി ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്; രണ്ടിടത്ത് പിക്കറ്റിങ്
text_fieldsപുള്ളിപ്പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊൻ ജയശീലൻ എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു
പന്തല്ലൂർ: ഏലമണ്ണ, പെരുങ്കര ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്കും പുലിയെ കണ്ടു ഓടുന്നതിനിടെ വീണ ഒരാൾക്കും പരിക്കേറ്റു. ഒരു സ്ത്രീയുടെ പരിക്ക് സാരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്കര ആദിവാസി ഊരിലെ സരിത എന്ന സ്ത്രീ വീടിന്റെ വാതിൽ തുറന്നപ്പോൾ വാതിൽപ്പടിയിൽ കിടന്നിരുന്ന പുലി ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് സരിതയെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിടം വലതുകൈയിലും പരിക്കേറ്റിരുന്നു. വീട്ടിലുള്ളവർ ബഹളം വെച്ചതോടെ പുലി അവിടെനിന്ന് ഓടിമറഞ്ഞു. സാരമായി പരിക്കേറ്റ സരിതയെ രക്ഷപ്പെടുത്തി പന്തല്ലൂർ താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സക്കായി വനപാലകർ ഊട്ടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഇതിനിടെ വള്ളിയമ്മാളിനെയും ദുർഗയെയും വീണ്ടും ആക്രമിച്ചു. ഇരുവരെയും പന്തലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏലമണ്ണ ഭാഗത്ത് പുലിയെ കണ്ട് ഓടിയ രാജേന്ദ്രന് വീണ് പരിക്കേറ്റു. ഏലമണ്ണ, പെരുങ്കറൈ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പുലി കന്നുകാലികളെയും കോഴികളെയും നായ്ക്കളെയും കൊന്നുതിന്നിരുന്നു.
ഇന്നലെ രാത്രി ഏലമണ്ണ ജനവാസ കേന്ദ്രങ്ങളിൽ നടന്ന പുലി ഇവിടത്തെ സർക്കാർ സ്കൂൾ വളപ്പിൽ കിടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പന്തലൂർ-കൊളപ്പള്ളി റോഡിൽ പൊൻ ജയശീലൻ എം.എൽ.എയുടെ നേതൃത്വത്തിലും പന്തലൂർ-പട്ടവയൽ റോഡിൽ പൊതുജനങ്ങളും റോഡ് ഉപരോധിച്ചു. ഇതുമൂലം തമിഴ്നാട്-കേരള അന്തർ സംസ്ഥാന പാതയിൽ ഗതാഗതത്തെ ബാധിച്ചു. കോയമ്പത്തൂരിൽനിന്നും മുതുമലയിൽനിന്നും കൂടുതൽ ജീവനക്കാരെയും കൂടും സ്ഥാപിക്കാനും തീരുമാനമായതോടെയാണ് ഉപരോധം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

