യു.പിയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മൂന്നുപേരും ആശുപത്രിയിൽ
text_fieldsPTI/Representative Image
നോയിഡ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ മൂന്ന് ദലിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ഗോണ്ട നഗരത്തിലാണ് സംഭവം. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
എട്ട്, 12, 17 വയസായ പെൺകുട്ടികൾക്കാണ് ആക്രമണം നേരിട്ടത്. ഉറങ്ങികിടക്കുകയായിരുന്ന ഇവരുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം കടന്നുകളയുകയായിരുന്നു. 17വയസുകാരിക്ക് 35 ശതമാനം പൊള്ളലേറ്റു. 12 വയസുകാരിക്ക് 25 ശതമാനവും എട്ടുവയസുകാരിക്ക് അഞ്ചുശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പെൺകുട്ടികളുടെ ദേഹത്ത് ഒഴിച്ച കെമിക്കൽ പരിശോധിച്ച് വരികയാണെന്നും അവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്നും ഗോണ്ട എസ്.പി ശൈലേഷ് കുമാർ പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തെത്തി ഫോറൻസിക് സംഘം പരിശോധന നടത്തിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

