Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് സംഭവിക്കും, പക്ഷേ കാത്തിരിക്കണം; മൂന്ന് രാജ്യങ്ങൾ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബാബാ രാംദേവ്

text_fields
bookmark_border
https://www.madhyamam.com/tags/ramdev
cancel
camera_alt

ബാബാ രാംദേവ്

റായ്പുർ: പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഒരുദിവസം വീണ്ടും ഇന്ത്യയുടെ ഭാഗമാകുമെന്നും അതിന് ജനങ്ങൾ കുറച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നും വിവാദ യോഗ പരിശീലകൻ ബാബാ രാംദേവ്. ഛത്തീസ്ഗഡിലെ റായ്പുർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഹിന്ദു മതമോ ഇസ്‍ലാമോ ക്രിസ്തു മതമോ ഭീഷണി നേരിടുന്നില്ലെന്നും എന്നാൽ, ഇന്ത്യയുടെ അഭിമാനവും മാന്യതയും പന്താടപ്പെടുകയാണെന്നും രാംദേവ് അഭിപ്രായപ്പെട്ടു. പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ക്രൂരതകളും അനീതികളും നേരിട്ടിട്ടുണ്ടെന്നും ആരോപിച്ചു.

മതപരിവർത്തന വിഷയത്തിലും അത് തടയാൻ ഛത്തീസ്ഗഢ് സർക്കാർ കൊണ്ടുവന്ന നിയമത്തെക്കുറിച്ചും സംസാരിച്ച രാംദേവ്, ഹിന്ദുക്കൾക്കോ ​​ക്രിസ്ത്യാനികൾക്കോ ​​മുസ്ലിംകൾക്കോ ​​നേരെയുള്ള പീഡന ആരോപണങ്ങൾ രാഷ്ട്രീയ വാചകടി മാത്രമാണെന്ന് കുറ്റപ്പെടുത്തി. ‘രാജ്യത്ത് എന്ത് മതംമാറ്റങ്ങൾ സംഭവിച്ചാലും, ഭാവിയിൽ ആരും പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ഹിന്ദു മതം, ഇസ്‍ലാം, ക്രിസ്തുമതം എന്നിവക്കൊന്നും ഭീഷണിയേയില്ല. ഭീഷണി നേരിടുന്നത് ഇന്ത്യയുടെ അഭിമാനവും അന്തസ്സുമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായും ഇവിടുത്തെ പൗരന്മാർ ലോകത്തിലെ ഏറ്റവും മികച്ച പൗരന്മാരായും ഇന്ത്യ ഉയർന്നുവരണമെന്നാണ് തന്റെ ആഗ്രഹം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ചതായി മാറണം. രൂപയുടെ മൂല്യം ഡോളറിനും പൗണ്ടിനും തുല്യമായി തീരണം. ഇന്ത്യക്കാർക്ക് ലോകത്ത് എവിടെയും വിസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ശക്തമാകണമെന്നും താൻ ആഗ്രഹിക്കുന്നു. അമേരിക്ക, ചൈന, റഷ്യ എന്നിവ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും ഇന്ത്യക്ക് തുല്യമായ ബഹുമാനം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതം, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, കൃഷി എന്നിവയുടെ വ്യവസ്ഥകളിൽ യാതൊരു ക്രമക്കേടുകളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അതാണ് ജനാധിപത്യത്തിന്റെ ശരിയായ അർഥമെന്നും രാംദേവ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story