മണിപ്പൂരിൽ വെടിവെപ്പിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടു
text_fieldsഇംഫാൽ: മണിപ്പൂരിൽ സായുധ സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് സഭാനേതാക്കൾ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. താഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടി.ബി.എ) നേതാക്കളായ മൂന്ന് പ്രമുഖ ക്രൈസ്തവ നേതാക്കളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചുരാചന്ദ്പൂരിലെ ലംകയിൽ നടന്ന ടി.ബി.എ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കാങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. യാത്രാമധ്യേ പതിയിരുന്ന അക്രമികൾ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൊലപാതകത്തെത്തുടർന്ന് മണിപ്പൂരിനെ നാഗാലാൻഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായ എൻ.എച്ച്-2 പ്രതിഷേധക്കാർ അനിശ്ചിതകാലത്തേക്ക് ഉപരോധിച്ചു. കാങ്‌പോക്പിയിലും പരിസരപ്രദേശങ്ങളിലും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കുകി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ബുധനാഴ്ച ഉച്ച 12:30 മുതൽ മേഖലയിൽ അടിയന്തര ഹർത്താൽ പ്രഖ്യാപിച്ചു.
സമാധാന ചർച്ചകളിൽ സജീവമായിരുന്ന നേതാക്കളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തെ കുകി ഇൻപി മണിപ്പൂർ (കെ.ഐ.എം) ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട റവ. വി സിറ്റ്‌ലൗ അടുത്തിടെ കൊഹിമയിൽ നടന്ന സമാധാന ചർച്ചകളിൽ പങ്കെടുത്തിരുന്നു. നിരായുധരായ മതനേതാക്കൾക്ക് നേരെയുണ്ടായ ഈ ആക്രമണം മേഖലയിലെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സമുദായ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഭാ നേതൃത്വവും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

