മൂന്ന് അയ്യപ്പഭക്തർ കപില നദിയിൽ മുങ്ങിമരിച്ചു
text_fieldsrepresentational image
ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്ന് അയ്യപ്പ ഭക്തരായ യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. മൈസൂരു നഞ്ചൻഗുഡിലെ കപില നദിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. കർണാടക തുമകുരു കൊരട്ടഗരെ സ്വദേശികളായ ഗവി രംഗ (19), രാകേഷ് (19), അപ്പു (16) എന്നിവരാണ് മരിച്ചത്. മാല അഴിക്കുന്ന ചടങ്ങിനായാണ് പുണ്യനദിയായി കരുതുന്ന കപിലയിൽ ഇവർ ഇറങ്ങിയത്.
തുമകുരുവിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള എട്ടുപേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മടങ്ങുംവഴി നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിക്കാൻ ഇവർ തീരുമാനിച്ചു.
ക്ഷേത്ര ദർശനത്തിന് മുമ്പാണ് കപില നദിയിൽ കുളിക്കാനിറങ്ങിയത്. എന്നാൽ, ഹെജ്ജിഗെ പാലത്തിന് താഴെ നദിയിലെ ചുഴിയിൽ മൂന്നുപേർ അകപ്പെടുകയായിരുന്നു.
ഇതോടെ മറ്റുള്ളവർ നദിക്കരയിലെത്തി വിവരമറിയിച്ചതിനെതുടർന്ന് അഗ്നി രക്ഷാസേനയും പൊലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി. മൂന്നുപേരുടെയും മൃതദേഹങ്ങൾ നദിയിൽനിന്ന് പുറത്തെടുത്തു. സാധാരണ ക്ഷേത്രത്തിന് സമീപം അപകടമില്ലാത്ത സ്ഥലത്താണ് ഭക്തർ സ്നാനം ചെയ്യാറുള്ളതെന്നും എന്നാൽ, എട്ടംഗ സംഘം അരകിലോമീറ്റർ മാറി ഹെജ്ജിഗെ പാലത്തിന് സമീപത്തിറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.
പാലത്തിന് താഴെ ആഴം കൂടിയ മേഖലയാണ്. നഞ്ചൻഗുഡ് എം.എൽ.എ ധ്രുവ് നാരായണനും സംഭവസ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

