വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകർത്തിയ എ.ബി.വി.പി നേതാക്കൾ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ഭോപാൽ: വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകർത്തിയ മൂന്ന് അഖിൽ ഭാരതീയ വിദ്യാർഥി പരിഷത് (എ.ബി.വി.പി) നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ മുന്ദ്സോർ ജില്ലയിലാണ് സംഭവം. എ.ബി.വി.പി ലോക്കൽ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് സഹഭാരവാഹികളായ അജയ് ഗൗർ, ഹിമാൻഷു ബൈരാഗി എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ചയാണ് മുന്ദ്സോറിലെ മഹാരാജ യശ്‍വന്ത് റാവു ഹോൽക്കർ ഗവൺമെന്റ് കോളജ് പ്രിൻസിപ്പാൾ ബാൻപുര പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച കോളജിൽ നടന്ന യൂത്ഫെസ്റ്റിവലിനിടെ വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് എ.ബി.വി.പി നേതാക്കൾ ചിത്രീകരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംശയം തോന്നിയ പെൺകുട്ടികൾ അറിയിച്ചതോടെ കോളജ് അധികൃതർ കെട്ടിടത്തിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറിയുടെ വെന്റിലേറ്റർ വഴി വിദ്യാർഥിനേതാക്കൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത് സി.സി.ടി.വി കാമറയിൽ സ്ഥിരീകരിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് കോളജ് പ്രിൻസിപ്പാൾ ഡോ. പ്രിതി ശർമ പറഞ്ഞു.
കോളജിലെ മൂന്നാംവർഷ ബി.എ വിദ്യാർഥികളാണ് പിടിയിലായ മൂന്നുപേരും. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്ററഡിയിൽ വിട്ടു. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തതായും ഫോറൻസിക് പരിശോധനക്ക് അയച്ചതായും ബാൻപുര പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

