ജമ്മുകശ്മീരിൽ 300 സ്കൂളുകൾ അടച്ചുപൂട്ടുന്നു; ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന ഹുസൈഫ് അഹ്മദിന് എൻജിനീയറാകാനാണ് ആഗ്രഹം. എന്നാൽ വിദ്യാഭ്യാസം തുടരാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇപ്പോഴവൻ. നിരോധിത ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ട്രസ്റ്റുമായി മുമ്പ് ബന്ധം പുലർത്തിയതിനാൽ അവനടക്കം 600 കുട്ടികൾ പഠിക്കുന്ന ബുഡ്ഗാമിലെ സെക്കൻഡറി സ്കൂൾ അധികൃതർ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. മറ്റ് പല സ്കൂളുകളെയും പോലെ ഫലാഹി ആം ട്രസ്റ്റിൽ നിന്ന് വേർപെടുത്തി, 2017ൽ പ്രാദേശിക കമ്മ്യൂണിറ്റ് മാനേജ്മെന്റ് വീണ്ടും രജിസ്റ്റർ ചെയ്തതായി മാനേജ്മെന്റ് പറയുന്നു.
എന്നാൽ അടച്ചു പൂട്ടാൻ തീരുമാനിച്ച ബുഡ്ഗാം ജില്ലയിലെ 20 സ്കൂളുകിൽ ഈ സെക്കൻഡറി സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത 15 ദിവത്തിനകം സ്കൂളുകൾ അടച്ചുപൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ജമ്മുകശ്മീർ ഭരണകൂടം ആവശ്യപ്പെട്ടത്. നിരോധിത ജമാഅത്തെ ഇസ്‍ലാമി ഗ്രൂപ്പുമായി ബന്ധമുള്ള ട്രസ്റ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് 300 സ്കൂളുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. അങ്ങനെ സംഭവിച്ചാൽ തുടർ പഠനം എങ്ങനെ നടക്കുമെന്ന ആശങ്കയിലാണ് ഹുസൈഫ് അടക്കമുള്ള നൂറുകണക്കിന് വിദ്യാർഥികൾ.
ഹുസൈഫിന്റെ സ്കൂൾ 400 വിദ്യാർഥികൾക്ക് ബോർഡിങ് സൗകര്യം നൽകുന്നുണ്ട്. ഇതിൽ കൂടുതലും ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണ്. പണമടക്കാൻ കഴിയുന്നവരിൽ നിന്ന് പ്രതിമാസം ട്യൂഷനും ബോർഡിങ്ങിനുമായി 2500 രൂപ ഈടാക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു. മതപാഠശാല നടത്തുന്നതിനു പുറമെ, സ്കൂൾ ജമ്മു കശ്മീർ വിദ്യാഭ്യാസ ബോർഡിന്റെ സിലബസും യൂറോപ്യൻ കാംബ്രിഡ്ജ് കരിക്കുലവുമാണ് പിന്തുടരുന്നത്.