പ്രശാന്ത് ഭൂഷണ് പിന്തുണയുമായി ആയിരത്തിലേറെ അഭിഭാഷകര്‍
text_fieldsന്യൂഡല്‍ഹി: തുറന്ന കോടതിയില്‍ പുന$പരിശോധന ഹരജി കേള്‍ക്കാതെ പ്രശാന്ത് ഭൂഷണെതിരായ കേസില്‍ ശിക്ഷ വിധിക്കരുതെന്ന് ആവശ്യപ്പെട്ട് 1300 അഭിഭാഷകര്‍ രംഗത്തുവന്നു. കോടതിയലക്ഷ്യം കൊണ്ട് നിശ്ശബ്ദമാക്കപ്പെടുന്ന അഭിഭാഷകര്‍ കോടതികളെ ദുര്‍ബലപ്പെടുത്തുമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്കി. പോരായ്മകള്‍ കോടതിക്കും ബാറിനും പൊതുജനത്തിനും മുമ്പാകെ കൊണ്ടുവരേണ്ടത് അഭിഭാഷകരുടെ ബാധ്യതയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അതിനിടെ, പ്രശാന്ത് ഭൂഷണിനെതിരായ വിധിക്കെതിരെ പുന$ പരിശോധന ഹരജി സമര്‍പ്പിക്കുമെന്ന് രാജീവ് ധവാന് പറഞ്ഞു.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് മറ്റൊരു കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഭൂഷണ് കുറ്റക്കാരനാണെന്ന് നേരത്തെ വിധിച്ചതില്‍ പ്രതിഷേധിച്ച് ആയിരത്തിലേറെ അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തുവന്നത്. പൊതുജനത്തിെൻറ കണ്ണില്‍ കോടതിയുടെ അധികാരം വീണ്ടെടുക്കുന്നതല്ല ഈ വിധിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോടതിയെയും ജഡ്ജിമാരെയും അടിച്ചമര്‍ത്താന്‍ നോക്കിയ വേളകളിലെല്ലാം അഭിഭാഷകരാണ് കോടതികളുടെ സ്വാതന്ത്ര്യത്തിനായി നില കൊണ്ടത്. സ്വതന്ത്ര ജുഡീഷ്യറി എന്നാല്‍ ജഡ്ജിമാര്‍ പരിശോധനയില്നിന്നോ പ്രതികരണങ്ങളില്നിന്നോ സംരക്ഷിതരാണെന്നര്ഥമില്ല എന്നും പ്രസ്താവന വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, ജയന്ത് ഭൂഷണ്, ഹുസൈഫ് അഹ്മദി, അരവിന്ദ് ദത്താര്‍, സി.യു സിങ്, ശ്യാം ദിവാന്, ശേഖര്‍ നാഫഡെ, സഞ്ജയ് ഹെഗ്ഡെ, രാജു രാമചന്ദ്രന് തുടങ്ങിയ അഭിഭാഷകരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

