മഹാ കുംഭത്തിൽ മരിച്ച ‘ആയിരങ്ങൾ’ക്ക് ഖാർഗെയുടെ ആദരാഞ്ജലി; പ്രസ്താവനയിൽ ഭരണപക്ഷ രോഷം
text_fieldsന്യൂഡൽഹി: മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആയിരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ ഭരണപക്ഷ രോഷം. ഖാർഗെയുടെ പ്രസ്താവന പിൻവലിക്കാൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അടക്കം ആവശ്യപ്പെട്ടു.
രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവെ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഖാർഗെ ‘കുംഭത്തിൽ മരിച്ച ആയിരങ്ങൾ’ എന്ന വാചകം ഉപയോഗിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രസ്താവന പിൻവലിക്കണമെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖർ ആവശ്യപ്പെട്ടു.
എന്നാൽ, ഇത് എന്റെ കണക്കാണെന്നും ഇത് ശരിയല്ലെങ്കിൽ സർക്കാർ എന്താണ് സത്യമെന്ന് പറയണമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവായ ഖാർഗെ പ്രതികരിച്ചു. എണ്ണം തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും കുറ്റപ്പെടുത്താൻ ആയിരങ്ങൾ എന്ന് പറഞ്ഞിട്ടില്ല. എന്നാൽ എത്ര പേർ മരിച്ചുവെന്ന വിവരമെങ്കിലും തരൂ. തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കും. എത്രപേർ മരിച്ചു? എത്രയെ കാണാതായി? എന്ന കണക്കുകൾ അവർ നൽകണം -അദ്ദേഹം പറഞ്ഞു.
ജനുവരി 29ന് മൗനി അമാവാസിയോടനുബന്ധിച്ച് നടന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് ഉത്തർപ്രദേശ് സർക്കാർ നൽകിയ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

