ഗിഗ് മേഖലയിൽ ജോലിയെടുക്കുന്നവരെ തൊഴിലാളികളായി പരിഗണിച്ച് എല്ലാ അവകാശങ്ങളും ഉറപ്പാക്കണം -എ.എ. റഹീം എം.പി
text_fieldsന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ, ഊബർ തുടങ്ങി ഗിഗ് മേഖലയിൽ ജോലിയെടുക്കുന്നവരെ തൊഴിലാളികളായി പരിഗണിക്കണമെന്ന് എ.എ. റഹീം എം.പി രാജ്യസഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. നിതി ആയോഗ് റിപ്പോർട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഗിഗ് വർക്കേഴ്സ് 2.35 കോടിയായി വർധിക്കും. നിലവിലെ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികളെ സർക്കാറോ കമ്പനികളോ തൊഴിലാളികളായി പരിഗണിക്കുന്നില്ല. പകരം അവരെ ഡെലിവറി പാർട്ണർ എന്നും ക്യാപ്റ്റൻ എന്നുമൊക്കെയാണ് അഭിസംബോധന ചെയ്യുന്നത്. ഇത് എല്ലാ തൊഴിൽ നിയമങ്ങളിൽ നിന്നും അവരെ അകറ്റി നിർത്തുന്നു. ഗിഗ് മേഖലയിലെ തൊഴിലാളികൾക്ക് വർണ്ണശബളമായ പേരുകളല്ല മാന്യമായ ജീവിതമാണ് ആവശ്യമെന്ന് എം.പി പറഞ്ഞു.
അൽഗോരിതങ്ങളുടെയും മറ്റും പ്രവർത്തനം കാരണം മാന്യമായ വേതനം പോലും അവർക്ക് ലഭിക്കുന്നില്ല. പ്ലാറ്റ്ഫോം ഫീ, സർജ് ഫീ, ലേറ്റ് നൈറ്റ് ഫീ, റെയിൻ ഫീ തുടങ്ങി തൊഴിലാളികളുടെ പേരിൽ നിരവധി ചാർജുകൾ ഫുഡ് ഡെലിവറി ആപ്പുകൾ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്നുണ്ടലെങ്കിലും അവയൊന്നും തൊഴിലാളിക്ക് ലഭിക്കുന്നില്ല. അത് ഉറപ്പാക്കാൻ രാജ്യത്ത് ഒരു നിയമ സംവിധാനവും ഇല്ല.
ഈ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് വാഹനാപകട സാധ്യത കൂടുതലാണ്. ഇവർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തുടങ്ങണം. മഴയെന്നോ വെയിലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന ഇവർക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നും, പണപ്പെരുപ്പത്തിനനുസൃതമായി ഇന്ധന ചാർജ്, ലേറ്റ് നൈറ്റ് ചാർജ് തുടങ്ങിയവ ലഭ്യമാക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ശൂന്യവേളയിൽ എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.