പത്ത് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് ഇനി എൽ.പി.ജി സബ്സിഡി ലഭിക്കില്ല; ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ച് തുടങ്ങി
text_fieldsന്യൂഡൽഹി: പാചകവാതക സബ്‌സിഡി ലഭിക്കുന്നവർക്കുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയതോടെ, എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചുതുടങ്ങി. പുതിയ തീരുമാനമനുസരിച്ച് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ആനുകൂല്യം നഷ്ടമാകും.
ഉപഭോക്താവിന്റെയോ പങ്കാളിയുടെയോ നികുതി വിധേയമായ വാർഷിക വരുമാനം 10 ലക്ഷം രൂപക്ക് മുകളിലാണെങ്കിൽ, സബ്‌സിഡി സ്ഥിരമായി നിർത്തലാക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. സന്ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം പ്രതികരിച്ചില്ലെങ്കിൽ നടപടിയുണ്ടാകും.
വരുമാന പരിധി:
2015 ഡിസംബറിൽ സർക്കാർ കൊണ്ടുവന്ന നിയമമനുസരിച്ച്, വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് എൽ.പി.ജി സബ്‌സിഡിക്ക് അർഹതയില്ല. ഉപഭോക്താവിനോ പങ്കാളിക്കോ ഈ വരുമാനമുണ്ടെങ്കിൽ നിയമം ബാധകമാകും. മുൻപ് ഉപഭോക്താക്കളുടെ സ്വയം സാക്ഷ്യപ്പെടുത്തലിനെ ആശ്രയിച്ചായിരുന്നു ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദായനികുതി വിവരങ്ങൾ പരിശോധിച്ചാണ് കമ്പനികൾ ഇത് നടപ്പിലാക്കുന്നത്.
ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും സബ്‌സിഡി ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നോട്ടീസ് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800-2333-555 വഴിയോ ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ പരാതി പരിഹാര പോർട്ടൽ വഴിയോ അറിയിക്കാവുന്നതാണ്.
അവസാന തീയതി: ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ സബ്‌സിഡി സ്ഥിരമായി നിർത്തലാക്കും.
മാനദണ്ഡം: ആദായനികുതി റിട്ടേണിൽ സൂചിപ്പിച്ചിട്ടുള്ള 'ഗ്രോസ് ടാക്സബിൾ ഇൻകം' ആണ് അർഹത തീരുമാനിക്കാനുള്ള പ്രധാന മാനദണ്ഡമായി സർക്കാർ കണക്കാക്കുന്നത്. വ്യക്തിഗത വരുമാനം മാത്രമല്ല, കുടുംബത്തിന്റെ മൊത്തം വരുമാനവും ഈ നിയമത്തിന്റെ പരിധിയിൽ വരാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

