ആറ് കോടി മോഷ്ടിച്ചവർ 100 രൂപ പേടിഎം ട്രാൻസാക്ഷൻ നടത്തിയപ്പോൾ പിടിയിലായി
text_fieldsന്യൂഡൽഹി: ആറ് കോടി രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചവർ 100 രൂപ പേടിഎം ട്രാൻസാക്ഷൻ നടത്തിയപ്പോൾ പിടിയിലായി. ഡൽഹി പഹർഗഞ്ച് മേഖലയിലെ രണ്ടുപേരിൽ നിന്ന് മുളക് പൊടിയെറിഞ്ഞാണ് ആറുകോടി രൂപയുടെ ആഭരണങ്ങൾ കവർന്നത്.
നജാഫ്ഘട്ട് സ്വദേശികളായ നാഗേഷ് കുമാർ (28), ശിവം(23), മനീഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ പൊലീസ് യൂനിഫോമിലുള്ള ഒരാളും സഹായിയും തെരുവിലൂടെ നടക്കുമ്പോൾ രണ്ടുപേർ വരുന്നതും അവരെ ഇവർ തടഞ്ഞു നിർത്തുന്നതും കാണാം. ആ സമയം വേറെ രണ്ടുപേർ കൂടി ചേരുകയും നാലു പേർ ചേർന്നു എതിരായി വന്നയാളുകളുടെ കണ്ണിൽ മുളക് പൊടി വിതറി അവരുടെ കൈവശമുള്ള പാർസലുമായി കടന്നുകളയുകയായിരുന്നു.
ഈ സംഭവം സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച പൊലീസിന് പരാതി ലഭിച്ചിരുന്നു. സോമവീർ, ജഗ്ദീപ് സൈനി എന്നിവരാണ് പരാതി നൽകിയത്. ചണ്ഡീഗഡിലെ പാർസൽ കമ്പനിയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണെന്ന് ഇവർ പറയുന്നു. പഹർഗഞ്ചിലെ ഓഫീസിൽ നിന്ന് പാർസലെടുത്ത് ഡി.ബി.ജി റോഡ് ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പരാതിയിൽ ഉള്ളത്. മില്ലേനിയം ഹോട്ടലിനു സമീപത്ത് പൊലീസ് യൂനിഫോമിലുള്ള ഒരാളും മറ്റൊരാളും ചേർന്ന് തടഞ്ഞുവെച്ച് പാർസൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടുപേർ കൂടി അവരോടൊപ്പം ചേരുകയും മുളകുപൊടി കണ്ണിൽ വിതറി പാർസൽ തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിനു ശേഷം അതിനടുത്തുള്ള 700 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഒരാഴ്ചക്കുള്ളിൽ പരിശോധിക്കുകയും നാലുപേരുടെ പ്രവൃത്തികൾ സംശാസ്പദമായി കാണുകയും അവർ ഒരു കാബ് ഡ്രൈവറുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അദ്ദേഹത്തെ സമീപിച്ചതോടെയാണ് പ്രതികളെ പിടികൂടാനായത്.
ഇവർ 100 രൂപ കാബ് ഡ്രൈവർക്ക് പേടിഎം ചെയ്തുകൊടുത്ത് ഡ്രൈവറിൽ നിന്ന് പണം നേരിട്ട് കൈപ്പറ്റിയിരുന്നു. ചായ കുടിക്കാൻ വേണ്ടിയാണ് ഇവർ പണം വാങ്ങിയത്. ഈ ട്രാൻസാക്ഷനാണ് പ്രതികൾ നജഫ്ഘട്ടിലുള്ള വരാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് അവിടെയെത്തി മൂന്ന് പ്രതികളെ പിടികൂടുകയായിരുന്നു. എന്നാൽ പ്രതികളിലൊരാൾ രാജസ്ഥാനിലേക്ക് കടന്നതിനാൽ ഒരു സംഘം പൊലീസ് ജയ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
6,270 ഗ്രാം സ്വർണം, മൂന്ന് കിലോ വെള്ളി, ഐ.ഐ.എഫ്.എല്ലിൽ നിക്ഷേപിച്ച നിലയിൽ 500ഗ്രാം സ്വർണം, 106 അസംസ്കൃത വജ്രങ്ങളും വജ്രാഭരണങ്ങളും എല്ലാം ഉൾപ്പെടെ 5.5 മുതൽ ആറ് കോടി രൂപ വരെ വിലമതിക്കുന്ന സാധനങ്ങൾ ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റ് കൂട്ടു പ്രതികളെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു. കവർച്ചയുടെ മുഖ്യ സൂത്രധാരൻ നാഗേഷ് ആണ്. ഇയാൾ സുഹൃത്തുക്കൾക്കും അമ്മാവനും ഒപ്പം കവർച്ച നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

