Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇ20’ വേണ്ടാത്തവർക്ക്...

‘ഇ20’ വേണ്ടാത്തവർക്ക് വൻ വില നൽകി നല്ല പെട്രോൾ വാങ്ങാം -മന്ത്രി നിതിൻ ഗഡ്കരി

text_fields
bookmark_border
‘ഇ20’ വേണ്ടാത്തവർക്ക് വൻ വില നൽകി നല്ല പെട്രോൾ വാങ്ങാം -മന്ത്രി നിതിൻ ഗഡ്കരി
cancel

ന്യൂഡൽഹി: വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർത്ത ‘ഇ20’ ഇന്ധനം ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് വിപണിയിൽനിന്ന് കൂടുതൽ വില നൽകി 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോൾ പമ്പുകളിൽ പ്രത്യേകമായി ഇ10 ഇന്ധന വിതരണ സംവിധാനം ഒരുക്കുക പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം ഇതിനകം തന്നെ 20 ശതമാനം എഥനോൾ മിശ്രിത പ്രക്രിയ കൈവരിക്കുകയും ‘ഇ20’ പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എഥനോൾ കലരാത്ത ഇന്ധനം ആവശ്യമുള്ളവർക്ക് അത് ലഭ്യമാണെങ്കിലും ഉയർന്ന നിരക്ക് നൽകേണ്ടി വരും.

പമ്പുകളിൽ ഒന്നിലധികം ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണ്. അതേസമയം, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ചില പമ്പുകളിൽ 85 ശതമാനം എഥനോൾ അടങ്ങിയ ‘ഇ85’ ഇന്ധനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കാൻ പകുതിയോളം കമ്പനികൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ തനിക്ക് വ്യക്തിപരമായ താൽപര്യങ്ങളുണ്ടെന്ന ആരോപണങ്ങളെ മന്ത്രി തള്ളിപ്പറഞ്ഞു. എഥനോൾ മിശ്രിത പദ്ധതി പെട്ടെന്നുണ്ടായ ഒന്നല്ലെന്നും വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2005ലെ യു.പി.എ സർക്കാരിന്റെ കാലത്ത് അന്നത്തെ പെട്രോളിയം മന്ത്രി മണിശങ്കർ അയ്യരും പാർലമെന്റിൽ ഈ നയത്തെ പിന്തുണച്ചിരുന്നു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മിൽ എഥനോൾ ചർച്ചകൾ തുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണെന്നും അത് തന്റെ മക്കളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ മൊത്തം എഥനോൾ വിപണിയിൽ വെറും 0.5 ശതമാനത്തിൽ താഴെ പങ്കാളിത്തം മാത്രമാണ് തന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കുള്ളത്. ഈ കമ്പനികൾക്ക് നിലവിൽ 1,600 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നതാണ് വസ്തുത. എഥനോളിന്റെ വില നിശ്ചയിക്കുന്നത് കാബിനറ്റും സംഭരണം നടത്തുന്നത് പെട്രോളിയം മന്ത്രാലയവുമാണ്. ഇതിൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും തനിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പിൽ നിന്ന് മാത്രമല്ല, വിപണിയിൽ വിലയിടിവ് നേരിടുന്ന ചോളത്തിൽനിന്നും നെല്ലിൽ നിന്നും നിലവിൽ എഥനോൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ബിഹാറിലെയും ഉത്തർപ്രദേശിലെയും ചോളം കർഷകർക്ക് വലിയ താങ്ങായി മാറി. ഹരിയാനയിലും പഞ്ചാബിലും കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന വൈക്കോൽ ഉപയോഗിച്ചാണ് പാനിപ്പത്തിൽ എഥനോൾ ഉത്പാദനം നടത്തുന്നത്. അസമിൽ മുളയിൽനിന്നുമാണ് എഥനോൾ നിർമിക്കുന്നത്.

ഡൽഹിയിലെ വായുമലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങൾ മൂലമാണ് ഉണ്ടാകുന്നത്. ഇതിന് ബദൽ ഇന്ധനങ്ങൾ മികച്ച പരിഹാരമാണ്. ബ്രസീൽ ദശാബ്ദങ്ങളായി എഥനോൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്തോനേഷ്യയും തായ്‌ലൻഡും ഈ പാതയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpUnion MinisterEthanolflex fuelNithin GadkariE20 Petrol
News Summary - Those Who Don't Want E20 Can Buy Pure Petrol At Higher Price: Nitin Gadkari
Next Story