‘കോൺഗ്രസിനൊപ്പം ചേരാമെന്ന് കരുതുന്നവർ മാത്രം മതി; ബിജെ.പിക്കൊപ്പം പോകണമെന്നുള്ളവർക്ക് പോകാം’
text_fieldsപൃഥ്വീരാജ് ചവാൻ
മുംബൈ: കോൺഗ്രസിനൊപ്പം കൂട്ടുകൂടണമെന്നാഗ്രഹിക്കുന്നവർ മാത്രം നിന്നാൽ മതിയെന്നും ബിജെ.പിക്കൊപ്പം പോവണമെന്ന് കരുതുന്നവർക്ക് പോകാമെന്നും കോൺഗ്രസ് നേതാവ് പൃഥ്വീരാജ് ചവാൻ. എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം സഖ്യം ചേർന്ന അജിത് പവാർ തന്റെ പിതൃസഹോദരനും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത് പല അഭ്യൂഹങ്ങൾക്കും വഴിവെക്കുന്ന പശ്ചാത്തലത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ചവാന്റെ പരാമർശം.
‘ഞങ്ങളുമായി സഖ്യത്തിലുള്ളവർ ഞങ്ങൾക്കൊപ്പം തന്നെയുണ്ടാകും. ബി.ജെ.പിക്കൊപ്പം പോകണമെന്നുള്ളവർക്ക് പോകാം. ആരും ആരുടെയും കൈപിടിച്ചുവെച്ചിട്ടൊന്നുമില്ല. ചിത്രം പതിയെ തെളിഞ്ഞുവരും. ഞങ്ങൾ ബി.ജെ.പിയെ തറപറ്റിക്കാനുള്ള ദൃഢനിശ്ചയത്തിലാണ്‘
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാനുള്ള കരുത്തുറ്റ ശ്രമങ്ങളുമായാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്ന് സതാരയിൽ ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ ചവാൻ പറഞ്ഞു. ശരദ് പവാറും അജിത് പവാറും കഴിഞ്ഞയാഴ്ച നടത്തിയ രഹസ്യ യോഗം മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡിയെ (എം.വി.എ) ബാധിക്കുമോയെന്ന ചോദ്യത്തിന് മുന്നണിയിലെ എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട പാർട്ടികളുടെ നേതാക്കന്മാർ ഒത്തുചേർന്നാണ് എടുക്കുന്നതെന്ന് ചവാൻ പറഞ്ഞു.
കോൺഗ്രസും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയും ശരദ് പവാറിന്റെ എൻ.സി.പിയുമാണ് എം.വി.എയിലുള്ളത്. കഴിഞ്ഞ മാസം എൻ.സി.പിയിൽനിന്ന് അജിത് പവാർ ഉൾപ്പെടെയുള്ള ഏഴു സീനിയർ നേതാക്കളടക്കം ഒരു വിഭാഗം കൂറുമാറി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയും ബി.ജെ.പിയും ചേർന്ന മുന്നണിയുടെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

