രാജ്യത്ത് അധികാരത്തിലിരിക്കുന്നവർ വിദ്വഷം പടർത്താൻ ശ്രമിക്കുന്നു -ശരത് പവാർ
text_fieldsശരത് പവാർ
പൂനെ: സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമത്തിലാണ് ചിലരെന്ന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. അതിനാൽ രാജ്യത്ത് പഴയത് പോലെ മത സൗഹാർദ്ദം നിലനിർത്തുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യത്യസ്ത ചിന്താഗതിയുള്ള പാർട്ടിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മുൻകാലങ്ങളിൽ രാഷ്ട്രീയം ആളുകളെ പരസ്പരം ബന്ധിപ്പിക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് അതേ രാക്ഷ്ട്രീയം ഉപയോഗിച്ച് ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പവാർ കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധിയും മൗലാനാ അബുൽ കലാം ആസാദുമുൾപ്പടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ഇന്ത്യയെ കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചവരെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കർണാടകയിലെ ചില സ്ഥലങ്ങളിൽ മുസ്ലീം വ്യാപാരികളുടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന വിധത്തിൽ ഭരണ നേതൃത്വം പുറപ്പെടുവിച്ച ഉത്തരവിനെ പവാർ വിമർശിച്ചു. ഇത്തരത്തിൽ വിദ്വേഷം പരത്തുന്ന പാർട്ടിയാണ് ബി.ജെ.പി. അത്തരമൊരു പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എങ്ങനെയാണ് രാജ്യത്ത് ഐക്യം നിലനിർത്താൻ സാധിക്കുക എന്ന് പവാർ ചോദിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന മതത്തിന്‍റെ പേരിലുള്ള അന്ധതക്കെതിരെ പോരാടാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. തങ്ങളുടെ സർക്കാർ വികസനത്തിന്‍റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉപമുഖ്യ മന്ത്രി അജിത് പവാർ എന്നിവർ ചേന്ന് രാജ്യത്തിന്‍റെ ഇന്നത്തെ ചിത്രം മാറ്റുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

