വ്യവസ്ഥിതി കർഷകരെ കൊല്ലുന്നു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ മൂന്നു മാസത്തിനുള്ളിൽ 767 കർഷകർ ആത്മഹത്യ ചെയ്തെന്ന റിപ്പോർട്ടിൽ കേന്ദ്ര സർക്കാറിനെതിരെ കടുത്തവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. മൂന്നു മാസത്തിനുള്ളിൽ 767 കർഷകർ ആത്മഹത്യ ചെയ്തെന്നും ഇവ വെറും കണക്കുകളല്ല തിരിച്ചുവരാൻ കഴിയാത്ത വിധം തകർന്ന 767 കുടുംബങ്ങളാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വ്യവസ്ഥിതി കർഷകരെ നിശ്ശബ്ദമായി കൊല്ലുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പബ്ലിക് റിലേഷൻ തിരക്കിലാണ്. വിത്ത്, വളം, ഡീസൽ എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ കർഷകർ കൂടുതൽ കടക്കെണിയിലാകുന്നു. മിനിമം താങ്ങുവിലയിൽ സർക്കാറിൽനിന്നും ഒരുറപ്പും അവർക്ക് ലഭിക്കുന്നില്ല. കർഷകർ വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെടുമ്പോൾ അവഗണിക്കുന്നു. വൻകിട വ്യവസായികളോട് സർക്കാർ ഉദാരത കാണിക്കുന്നുണ്ട്. വൻകിടക്കാരുടെ ആയിരക്കണക്കിന് കോടി വായ്പ ഒരു മടിയും കൂടാതെ എഴുതിത്തള്ളുന്നെന്നും കർഷക ആത്മഹത്യയുടെ വാർത്ത എക്സിൽ പങ്കുവെച്ച് രാഹുൽ കുറിച്ചു.
മഹാരാഷ്ട്രയിൽ ദിവസവും എട്ടു കർഷകർ ആത്മഹത്യ ചെയ്യുന്നെന്നും സാമ്പത്തിക പ്രതിസന്ധി, കടം, വിളനാശം, ഉയരുന്ന ഉൽപാദന ചെലവ് തുടങ്ങിയവ കർഷകരുടെ കഴുത്തിലെ കുരുക്കായി മാറിയെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ സർക്കാർ ഏതാനും ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി. പക്ഷേ, ‘ഇരട്ടി വരുമാനം’ വാഗ്ദാനം ചെയ്ത കർഷകരുടെ ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

