‘ഇത് വിദ്യാസമ്പന്നരുടെ വോട്ടുകൾ, പൊതുജനങ്ങളുടേതല്ല’; വാരാണസിയിലെ ബി.ജെ.പി തോൽവിയിൽ പ്രതികരിച്ച് യു.പി മന്ത്രി
text_fieldsയു.പി മന്ത്രി ഓം പ്രകാശ് രാജ്ഭർ
ലഖ്‌നൗ: എം.എൽ.സി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയ്ക്കേറ്റ കനത്ത പ്രഹരത്തിൽ പ്രതികരണവുമായി യു.പി മന്ത്രി ഓം പ്രകാശ് രാജ്ഭർ. വാരാണസി, ലഖ്‌നൗ ഗ്രാജ്യുവേറ്റ്സ് മണ്ഡലങ്ങളിലടക്കം സമാജ്‌വാദി പാർട്ടി നേടിയ വിജയം പൊതുജനങ്ങളുടെ വിധിയെഴുത്തല്ലെന്നും മറിച്ച് വിദ്യാസമ്പന്നരായ വോട്ടർമാരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
"ജനം അവരുടെ വിധി എഴുതിക്കഴിഞ്ഞു. ഈ ജനവിധി ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇത് പൊതുജനങ്ങളുടെ വിധിയല്ല, വിദ്യാസമ്പന്നരായ ആളുകളുടെ വോട്ടുകളാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇതേ വിദ്യാസമ്പന്നരായ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് എത്താറില്ല. ആ സമയത്ത് സാധാരണ വോട്ടർമാരെയാണ് രംഗത്ത് കാണാൻ സാധിക്കുക"-എന്ന് രാജ്ഭർ വ്യക്തമാക്കി.
അതേസമയം, എസ്.പി ജയിക്കാൻ പാടില്ലാത്ത ഇടങ്ങളിലാണ് വിജയം കൈവരിച്ചതെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. തോൽവി അംഗീകരിക്കുന്നുണ്ട്. എന്നാൽ, എവിടെയാണ് പാളിയതെന്ന് തങ്ങൾ പരിശോധിക്കുമെന്നും കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും വന്ന ഫലം നിരാശയുണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വാരാണസി ഗ്രാജ്യുവേറ്റ്സ് മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി അശുതോഷ് സിൻഹ 55,046 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ബി.ജെ.പി സ്ഥാനാർഥി കേദാർ നാഥ് സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തോൽവി അംഗീകരിച്ച കേദാർ നാഥ് സിങ്, തനിക്ക് പിന്തുണ നൽകിയ വോട്ടർമാരോടും പാർട്ടി പ്രവർത്തകരോടും നന്ദി രേഖപ്പെടുത്തി.
ലഖ്‌നൗ മണ്ഡലത്തിൽ എസ്.പിയുടെ കാന്തി സിങ്, ബി.ജെ.പിയുടെ അവ്‌നേഷ് കുമാർ സിങിനെ പരാജയപ്പെടുത്തി. 51,168 വോട്ടുകൾ നേടിയാണ് കാന്തി സിങ് വിജയിച്ചത്. ഒക്ടോബർ 23ന് നടന്ന വോട്ടെടുപ്പിന്റെ ഫലം ചൊവ്വാഴ്ചയാണ് എണ്ണിക്കഴിഞ്ഞത്. ആഗ്ര, ബറേലി-മൊറാദാബാദ്, ലഖ്‌നൗ, മീററ്റ്, ഗൊരഖ്‌പൂർ-ഫൈസാബാദ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലേ ബി.ജെ.പിയ്ക്ക് ജയിക്കാനായുള്ളൂ. അല്ലാഹാബാദ്-ഝാൻസി മണ്ഡലങ്ങൾക്ക് പുറമെയാണ് വാരണാസിയിലും ലഖ്‌നൗവിലും എസ്.പി അട്ടിമറി വിജയം നേടിയത്.
11 എം.എൽ.സി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറെണ്ണത്തിൽ ബി.ജെ.പി വിജയിച്ചപ്പോൾ അഞ്ച് സീറ്റുകളും പിടിച്ചെടുത്താണ് എസ്.പി ശക്തമായ മുന്നേറ്റം നടത്തിയത്. വരാനിരിക്കുന്ന 2027ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിമാന പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നതെന്ന് സമാജ് വാദി വക്താക്കൾ വ്യക്തമാക്കി.

