യു.പിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തിയതിൽ രോഷം പ്രകടിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യു.പിയിലെ വഞ്ചകന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് അദ്ദഹം ട്വീറ്റിൽ പറഞ്ഞു.
''ഹാഥറസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോയ കേരള പത്രപ്രവർത്തക യൂനിയന്‍റെ സെക്രട്ടറിക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തിയിരിക്കുന്നു. യു.പിയിലെ വഞ്ചകൻ അഴിച്ചുവിട്ട ഭീകരതയാണിത്. അയാളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു'' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി യൂനിറ്റ് സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ ഹാഥറസിലേക്കുള്ള യാത്രക്കിടെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മറ്റ് മൂന്ന് പേരും ഒപ്പമുണ്ടായിരുന്നു. ഇവർ മേഖലയിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടാണ് പോകുന്നതെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരെ യു.എ.പി.എയും രാജ്യദ്രോഹവും ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്.