ഇത് കർണി സേനയല്ല, ബി.ജെ.പി സേന -അക്രമാസക്ത പ്രതിഷേധത്തിനെതിരെ അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരി റാണ സംഗയും ആദ്യ മുഗൾ ചക്രവർത്തി ബാബറും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ച സമാജ്‌വാദി പാർട്ടി പാർലമെന്റ് അംഗം രാംജി ലാൽ സുമനെതിരെ ഹിന്ദുത്വ സംഘടനയായ കർണി സേന നടത്തുന്ന അക്രമാസക്ത പ്രതിഷേധത്തെ അപലപിച്ച് അഖിലേഷ് യാദവ്. ഏപ്രിൽ 12ന് വാളുകളും കുറുവടികളുമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധമാണ് ആഗ്രയിൽ സംഘടിപ്പിച്ചത്. ഇത് കർണിസേനയല്ലെന്നും ബി.ജെ.പി സേനയാണെന്നും അഖിലേഷ് പറഞ്ഞു.
'കേന്ദ്രമന്ത്രി ഉൾപ്പടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾക്കും ഉത്തർപ്രദേശിലെ ഭരണകക്ഷി അംഗത്തിനും ഈ പ്രതിഷേധവുമായി നേരിട്ട് ബന്ധമുണ്ട്. ഇത് കർണിസേനയല്ല, ബി.ജെ.പി സേനയാണ്’ -അഖിലേഷ് പറഞ്ഞു.
ഇബ്രാഹിം ലോദിക്കെതിരെ പോരാടാൻ ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച സംഗയുടെ നടപടിയെ കുറിച്ച് മുതിർന്ന ദലിത് നേതാവായ സുമൻ അടുത്തിടെ പാർലമെന്റിൽ നടത്തിയ പരാമർശമാണ് ഹിന്ദുത്വ സംഘടനകൾ വിവാദമാക്കിയത്. മാർച്ച് 26 ന് കർണി സേന അംഗങ്ങൾ ആഗ്രയിൽ അദ്ദേഹത്തിന്റെ വസതിയിേലക്ക് മാർച്ച് നടത്തുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
റാണ സംഗയുടെ ജന്മവാർഷികമായ ഏപ്രിൽ 12 ന് കർണി സേന അംഗങ്ങൾ ആഗ്രയിൽ 'രക്ത സ്വാഭിമാൻ സമ്മേളനം' സംഘടിപ്പിച്ചു. സുമനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും നടത്തി. വാഹനങ്ങൾ തടഞ്ഞും കൈകളിൽ വാളുകളും കുറുവടികളുമായാണ് പ്രതിഷേധം നടത്തിയത്.
ആഗ്രയിലെ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സത്യപാൽ സിംഗ് ബാഗേലും എത്മദ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ധരംരാജ് സിംഗും പരിപാടിയിൽ പങ്കെടുത്തു. നിരവധി വലതുപക്ഷ സംഘടനകൾ സുമനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച, സുമന്റെ ജീവന് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചതിന് കർണി സേന നേതാവ് മോഹൻ ചൗഹാനെതിരെ അലിഗഢ് പൊലീസ് കേസെടുത്തിരുന്നു. വധഭീഷണിയെ തുടർന്ന് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുമൻ അലഹബാദ് ഹൈകോടതിയെ സമീപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.