‘ഇതെന്റെ രണ്ടാം പിറവി: ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ല’ -വിമാനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ
text_fieldsഅഹ്മദാബാദ്: ‘അതിപ്പോഴും അവിശ്വസനീയമാണ്. താൻ ജീവനോടെ രക്ഷപ്പെട്ടു എന്ന് ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല. ഇതെന്റെ രണ്ടാം ജന്മമാണ്. അഹ്മദാബാദിലെ ആശുപത്രിക്കിടക്കയിൽ നിന്ന് ഈ വാക്കുകൾ പറയുമ്പോൾ വിശ്വാസ് കുമാറിന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നു. വ്യാഴാഴ്ച ഉച്ചക്ക് അഹ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എ.ഐ 171 വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ് കുമാർ രമേശ്. മരണത്തിൽനിന്ന് തിരിഞ്ഞു നടന്ന വിശ്വാസ് കുമാർ ഏവർക്കും അദ്ഭുതമാവുകയാണ്. 230 യാത്രക്കാരിൽ ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ആശുപത്രിയിലെത്തി വിശ്വാസിനെ കണ്ടിരുന്നു.വിമാനത്തിന്റെ ഇടതുവശത്തുള്ള എമർജൻസി വാതിലിനടുത്തുള്ള 11A സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. ‘പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ വിമാനത്തിൽനിന്ന് തന്റെ സീറ്റ് തെറിച്ചു പോയി’. ‘വിമാനം തകർന്നു, എന്റെ സീറ്റ് തെറിച്ചു പോയി, അങ്ങനെയാണ് ഞാൻ രക്ഷപ്പെട്ടത്.’
വിറയാർന്ന സ്വരത്തിൽ അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം പറയുന്നു. താൻ അപകട സമയം വിമാനത്തിൽ നിന്ന് ചാടിയില്ലെന്നും വിശ്വാസ് പറഞ്ഞു. നിലവിൽ ട്രോമ വാർഡിൽ നിരീക്ഷണത്തിലാണ് വിശ്വാസ്.
സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

