ഇത് മുഹമ്മദ് സുബൈർ: തെറിവിളിച്ചവരെ കൊണ്ട് സ്തുതി പാടിച്ച ഇന്ത്യയുടെ ഫാക്ട് ചെക്കർ
text_fieldsന്യൂഡല്‍ഹി: വ്യാജ വാർത്തകൾക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജീവിതം. ഇത്തരക്കാർ പലപ്പോഴും ലക്ഷ്യമിട്ടിട്ടുള്ള ധീരനായ മാധ്യമപ്രവർത്തകനാണ് ഇയാൾ. സാമൂഹിക മാധ്യമങ്ങളിൽ സുബൈറിനെതിരെ കൊലവിളി ഉയർത്തിയവർ നിരവധിയാണ്. ഭരണകൂടത്താൽ വേട്ടയാടപ്പെട്ട സുബൈറിന്റെ പേരിൽ കേസുകളും ചുമത്തപ്പെട്ടു. വിദ്വേഷ പ്രചാരകന്റെ വിഡിയോക്കെതിരെ പോസ്റ്റ് ഇട്ടതിന് മുഹമ്മദ് സുബൈറിനെ യു.പി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഡൽഹി പൊലീസ് 2022 ജൂണിൽ മുഹമ്മദ് സുബൈറിനെ ഒരു മാസം ജയിലിലും അടച്ചു.
എന്നാൽ ഓപറേഷൻ സിന്ദൂർ തുടങ്ങിയ ശേഷം ശത്രു രാജ്യമായ പാകിസ്താൻ സൈബറിടങ്ങളിൽ നടത്തിയ വ്യാജ അവകാശവാദങ്ങളെ പൊളിച്ചടുക്കി അനാവശ്യമായി തന്നെ വേട്ടയാടിയവരുടെ പോലും കൈയടി നേടിയിരിക്കയാണ് ഇയാൾ. ഓപറേഷൻ സിന്ദൂർ ആരംഭിച്ച ബുധനാഴ്ച രാത്രി മാത്രം സുബൈർ150 ലേറെ വാർത്തകളുടെ കൃത്യത പരിശോധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ഫൈറ്റർ ജെറ്റുകൾ പാക്കിസ്താൻ അടിച്ചിട്ടു എന്ന് പാക് ഓഫിസർമാർ അവകാശവാദമുന്നയിച്ചപ്പോൾ തന്നെ സുബൈർ പൊളിച്ചു കൈയിൽ കൊടുത്തു. മുമ്പെങ്ങോ വിമാനം തകർന്നു വീണതിന്റെ ചിത്രങ്ങളും വിഡിയോകളും എടുത്ത് ഇന്ത്യൻ റാഫേൽ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന് പാക് ഹാൻഡിലുകൾ സൈബറിടങ്ങളിൽ വാസ്തവ വിരുദ്ധ വാർത്ത പ്രചരിപ്പിച്ചപ്പോൾ സുബൈറും സംഘവും സത്യം വെളിച്ചത്തു കൊണ്ടു വന്നു. ആ വിഡിയോകളുടെ യഥാർഥ ഉറവിടങ്ങൾ ദിവസവും തിയതിയും വെച്ച് കൃത്യമായി പുറത്തു വിട്ടതോടെ സത്യം വെളിപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഭീകരരുടെ താവളങ്ങൾ വിറപ്പിച്ചു കൊണ്ടിരുന്ന രാത്രിയിൽ ഒരു ഒറ്റയാൾ പട്ടാളം കണക്കെ ഉറക്കമിളച്ച് സുബൈർ പൊരുതിക്കൊണ്ടിരുന്നു.
പാക് സാമൂഹിക മാധ്യമങ്ങളും ഒരു പക്ഷേ ഏറ്റവും കൂടുതൽ ഭയപ്പെട്ടത് സുബൈറിനെ ആയിരിക്കും. പ്രൊപ്പഗൻഡ സോഷ്യൽ ഹാൻഡിലുകളുടെ പ്രവർത്തനം വ്യകതമായി അറിയുന്ന സുബൈർ യുദ്ധവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ദൃശ്യങ്ങളും പാക് സാമൂഹിക മാധ്യമങ്ങൾ പുറത്തുവിടുന്നത് കൈയോടെ പൊക്കി. പാകിസ്താനിൽനിന്നും വ്യാജ വാർത്തകൾ മാത്രമല്ല. വ്യാജ അക്കൗണ്ടുകളുടെയും കുത്തൊഴുക്കായിരുന്നു. ഇന്ത്യൻ സൈനിക ഓഫിസർമാരുടെ പേരിലുള്ള അക്കൗണ്ടുകളിലെ സത്യാവസ്ഥയും സുബൈർ വെളിച്ചത്തു കൊണ്ടു വന്നു.
സ്വന്തം ഹാൻഡിലിൽ ട്വീറ്റ് ചെയ്യുക മാത്രമായിരുന്നില്ല സുബൈർ ചെയ്തത്. വ്യാജ ട്വീറ്റുകൾ വരുന്ന ഹാൻഡിലുകളിൽ പോയി അവിടേയും അത് വ്യാജമാണെന്ന് വിളിച്ചു പറഞ്ഞു. പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആ ഹാൻഡിൽ ഫോളോ ചെയ്യുന്നവരെക്കൂടി അറിയിക്കുകയായിരുന്നു ലക്ഷ്യം. ഹാമിദ് മീറിനെപ്പോലുള്ള പാകിസ്താനിലെ സീനിയർ ജേണലിസ്റ്റുകളുടെ പ്രൊഫൈലുകളിൽ പോയി അവർ പ്രചരിപ്പിച്ച വ്യാജങ്ങൾക്കെതിരെ സുബൈർ വാസ്തവം എഴുതി. മുഹമ്മദ് സുബൈറിന്റെ പരിശ്രമത്തെ ഇന്ത്യൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രശംസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

