'ഇത് മുസ്‍ലിംകൾ പള്ളിയാക്കിയ കേരളത്തിലെ ക്ഷേത്രം, ഇടത് സർക്കാർ നടപടി എടുക്കുന്നില്ല'; ഉത്തരേന്ത്യയിൽ നുണപ്രചാരണവുമായി സംഘ്പരിവാർ അനുകൂലികൾ
text_fieldsന്യൂഡൽഹി: കേരളത്തിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രം മുസ്ലിംകൾ കൈയേറി പള്ളിയാക്കിയതായി ഉത്തരേന്ത്യയിൽ സംഘ്പരിവാർ അനുകൂലികളുടെ വ്യാപക നുണപ്രചാരണം. ഒരു മുസ്‍ലിം പള്ളിയുടെ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ഈ നുണ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുന്നത്. 'ഹിന്ദു സമൂഹത്തിന്റെ എതിർപ്പ് കേരളത്തിലെ ഇടത്-കമ്മ്യൂണിസ്റ്റ് സർക്കാർ വകവെക്കുന്നില്ല. സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം' എന്നും ഹിന്ദിയിലുള്ള പോസ്റ്റുകളിൽ പറയുന്നു.
ക്ഷേത്രം അടുത്തിടെ മുസ്‍ലിംകൾ പിടിച്ചെടുത്തുവെന്നാണ് ഇവരുടെ അവകാശവാദം. ട്വിറ്ററിൽ നിരവധിപേരാണ് സമാന അടിക്കുറിപ്പോടെ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, ഇവർ പ്രചരിപ്പിക്കുന്നത് മംഗളൂരുവിലെ സീനത്ത് ബക്ഷ് മസ്ജിദിന്റെ വിഡിയോ ആണെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു..
വീഡിയോയിൽ ഡോക്യുമെന്ററി ശൈലി ശ്രദ്ധയിൽപെട്ടതോടെ ആൾട്ട് ന്യൂസ് വിശദാന്വേഷണം നടത്തുകയായിരുന്നു. ടി.എസ്.ഒ.ഐ എന്ന വാട്ടർമാർക്കും ഇതിൽ കാണാം. രാജ്യത്തിന്റെ വൈവിധ്യമാർന്ന പൈതൃകത്തെ വിളംബരംചെയ്യുന്ന കൂട്ടായ്മയായ 'തൗസൻഡ് ഷേഡ്സ് ഓഫ് ഇന്ത്യ' (ടി.എസ്.ഒ.ഐ)യുടെ ഡോക്യുമെന്ററിയിൽനിന്നാണ് സംഘ്പരിവാർ നുണഫാക്ടറികൾ ഈ ദൃശ്യം പകർത്തിയെടുത്തത്.
2021 ഡിസംബർ 20ന് ടി.എസ്.ഒ.ഐ അപ്‌ലോഡ് ചെയ്‌തതാണ് പ്രസ്തുത വീഡിയോ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്‍ലിം പള്ളികളിൽ ഒന്നായ മംഗളൂരു ബന്ദറിലെ സീനത്ത് ബക്ഷ് പള്ളിയാണിത്. "ജീവിതത്തിലും ഉപജീവനത്തിലും സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പൈതൃകത്തിലും ചരിത്രത്തിലും കലയിലും കരകൗശലത്തിലുമുള്ള ഇന്ത്യയുടെ വൈവിധ്യത്തെ ഞങ്ങൾ കഥകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ആഘോഷിക്കുന്നു' എന്നാണ് ടി.എസ്.ഒ.ഐ സ്വയം പരിചയപ്പെടുത്തുന്നത്.
കർണാടക ടൂറിസം വകുപ്പിന്റെ ബ്ലോഗിലും സീനത്ത് ബക്ഷ് പള്ളി ഇടംപിടിച്ചിട്ടുണ്ട്. 644-ൽ അറബ് മുസ്‍ലിം വ്യാപാരികൾ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താനാണ് മസ്ജിദ് നവീകരിച്ച് പുനർനാമകരണം ചെയ്തത്.
വിഷലിപ്തമായ നുണപ്രചാരണങ്ങളിലൂടെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരളത്തെ കുറിച്ചുള്ള ഈ പച്ചക്കള്ളവും സംഘ്പരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്നത്.