സ്വന്തം പരാജയങ്ങൾ മറച്ചു വെക്കാൻ പാകിസ്ഥാൻ നടത്തുന്ന തീവ്ര ശ്രമമാണിത്; പാക് അധിനിവേശ കശ്മീരിലെ അക്രമങ്ങളിൽ വിമർശനവുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ അക്രമങ്ങളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പ്രതിഷേധവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നിന്നും വ്യാജ വാർത്തകളും വീഡിയോകളും പുറത്തു വരുന്ന രീതി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
സ്വന്തം പരാജയങ്ങൾ മറച്ചു വെക്കാനും മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും പാകിസ്ഥാൻ നടത്തുന്ന തീവ്രശ്രമമാണിതെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. പാക് അധീന കശ്മീരിലെ സാധാരണക്കാർക്കെതിരെ അമിതമായ ബലപ്രയോഗം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും രൺധീർ ജയ്സ്വാൾ പരാമർശിക്കുകയുണ്ടായി. പ്രതിഷേധക്കാരും പാകിസ്ഥാൻ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാക് അധീന കശ്മീരിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
പാക് അധീന കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്‍റ് അവാമി ആക്ഷൻ കമ്മറ്റി പ്രവർത്തകരും പാകിസ്താൻ സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ മരണം 30 കടന്നിരുന്നു. ആക്രമണത്തിൽ 200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്ഥാനിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികൾക്കെതിരെ പ്രതിഷേധിച്ച ജനകീയ കൂട്ടായ്മയായ ജോയിന്‍റ് അവാമി ആക്ഷൻ കമ്മറ്റിയെ സർക്കാർ നിരോധിച്ചതിനു പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കശ്മീരിന് പുറത്ത് പാകിസ്ഥാന്‍റെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്ന അഭയർത്ഥികൾക്കായി 45 ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരാണ് പ്രധാന പ്രതിഷേധം.
ഞായറാഴ്ച രാത്രിയിൽ ഉണ്ടായ പ്രതിഷേധത്തിൽ മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഇന്‍റർനെറ്റ് വിച്ഛേദിക്കപ്പെട്ടതായും പ്രദേശത്ത് കടുത്ത നിയന്ത്രണമേർപ്പെടുത്തിയതായും റിപ്പോട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

