‘നിങ്ങൾ നിയമവിരുദ്ധ കുടിയേറ്റക്കാരാണോ എന്ന് ഈ ഉപകരണം പറയും’: ചേരി നിവാസികളുടെ ഇടയിൽ ഭീഷണിയുമായി യു.പി പൊലീസ്; അന്വേഷണത്തിനുത്തരവിട്ടു
text_fieldsയു.പി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഗാസിയാബാദിലെ ചേരിയിൽ
ലക്നോ: ചേരി നിവാസികൾക്കിടയിൽ ചെന്ന് ‘നിയമവിരുദ്ധ കുടിയേറ്റക്കാരാണോ എന്ന് ഈ ഉപകരണം പറയും’ എന്ന് കാണിച്ച് യു.പി പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് ഗാസിയാബാദ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബർ 23ന് ഗാസിയാബാദിലെ കൗശാമ്പി ഭോവാപൂർ ചേരിയിൽ അര ഡസനോളം വരുന്ന ഉദ്യോഗസ്ഥർ നടത്തിയ ‘വെരിഫിക്കേഷൻ ഡ്രൈവി’നിടെയാണ് സംഭവം.
ഓൺലൈനിൽ വ്യാപകമായി പങ്കിട്ട വിഡിയോയിൽ, ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു പുരുഷന്റെ പിന്നിൽ സ്മാർട്ട്‌ഫോൺ പോലെ തോന്നിക്കുന്ന ഒന്ന് വെച്ചുകൊണ്ട് ആ വ്യക്തി ബംഗ്ലാദേശിൽ നിന്നുള്ളയാളാണെന്ന് ഉപകരണം കാണിക്കുന്നുവെന്ന് പറയുന്നത് കാണാം.
‘കള്ളം പറയരുത്. ഞങ്ങളുടെ കൈവശം കള്ളം കണ്ടെത്താൻ കഴിയുന്ന ഒരു യന്ത്രമുണ്ട്’ എന്ന് മറ്റൊരു സ്ത്രീയോടും പുരുഷനോടും പറയുന്നതും വിഡിയോയിൽ കേൾക്കാം.
മറ്റൊരു സ്ത്രീയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തങ്ങൾ കുടിയേറ്റക്കാരല്ലെന്നും ബിഹാറിലെ അരാരിയയിൽ നിന്നുള്ളവരാണെന്നും ആണയിടുകയും മൊബൈൽ ഫോണിൽ രേഖകൾ കാണിക്കുകയും ചെയ്തു. എന്നിട്ടും ഉദ്യോഗസ്ഥർക്ക് അത് ബോധ്യപ്പെട്ടില്ല.
ഇത്തരം ഡ്രൈവുകൾക്കിടയിൽ നിർണിത പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, കൗശാമ്പി പൊലീസിലെ എസ്.എച്ച്.ഒ അജയ് ശർമയുടെ നേതൃത്വത്തിലുള്ള സംഘം അവയൊക്കെ ലംഘിച്ചാണ് ഇവിടെ എത്തിയത്.
‘പതിവ് പ്രാദേശിക വ്യായാമം’ എന്ന് പൊലീസ് വിശേഷിപ്പിച്ച സംഭവം വിവാദങ്ങൾക്ക് തിരികൊളുത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യമുയരുകയും ചെയ്തതിനെ തുടർന്നാണ് അന്വേഷണത്തിനുത്തരവിട്ടത്.
ഡിസംബർ 23ന് ബിഹാരി മാർക്കറ്റ് ഏരിയയിലെ ചേരി പ്രദേശത്ത് കൗശാമ്പി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ ‘ഏരിയ ഡോമിനേഷൻ എക്സർസൈസിനിടെ’യാണ് വിഡിയോ റെക്കോർഡു ചെയ്‌തതെന്ന് ഡി.സി.പി നിമിഷ് പാട്ടീൽ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

