‘ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും’; വിവാദ പരാമർശവുമായി വീണ്ടും അലഹബാദ് ഹൈകോടതി ജഡ്ജി
text_fieldsഅലഹബാദ്: വിവാദ പരാമർശവുമായി വീണ്ടും അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവ്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് ജഡ്ജി ശേഖർ കുമാർ യാദവ് വ്യക്തമാക്കി. ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം. അലഹബാദ് ഹൈകോടതി ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായ പ്രകാരമായിരിക്കും രാജ്യം ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി.
ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്. ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു- ശേഖർ കുമാർ യാദവ് വ്യക്തമാക്കി.
ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പശു ദേശീയ മൃഗമാകണമെന്നായിരുന്നു പരാമർശം. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ഈ പരാമർശം.
അതേസമയം, ഹൈകോടതി ജഡ്ജിയുടെ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പിമാർ രംഗത്തെത്തി.

