'അച്ഛനെ ശിക്ഷിക്കണം' -ബലാത്സംഗത്തിലൂടെ ജനിച്ച മകൻ പറയുന്നു
text_fieldsലഖ്നോ: ആഗസ്റ്റ് 11ന് രാവിലെ സവിതയെന്ന 42കാരി വീട്ടമ്മ ജോലിക്ക് പോകാനൊരുങ്ങുകയായിരുന്നു. അതിനിടെ, അവരുടെ അഭിഭാഷകന്‍റെ ഫോൺ കാൾ വന്നു. 30 വർഷം മുമ്പ് സവിതയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തയായിരുന്നു അഭിഭാഷകന് പറയാനുണ്ടായിരുന്നത്. അന്ന് 12 വയസായിരുന്നു സവിതക്ക് പ്രായം. 'എനിക്ക് സന്തോഷവും സങ്കടവും ദേഷ്യവും തളർച്ചയുമൊക്കെ ഒരുമിച്ച് വന്നു. അവരെ ഒന്ന് കാണണമെന്നും മുഖമടച്ച് ഒരടി കൊടുക്കണമെന്നും ആഗ്രഹിച്ചു. അവരാണ് എന്‍റെ ജീവിതം തകർത്തത്' -സവിത പറഞ്ഞു.
നിരന്തര ബലാത്സംഗത്തെ തുടർന്ന് തന്‍റെ 13ാം വയസ്സിൽ സവിത ഒരു കുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിന്‍റെ ഡി.എൻ.എ പരിശോധനയിലൂടെയാണ് പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാനായത്. മുഹമ്മദ് റാസി (48), നഖ്വി ഹസൻ (50) എന്നിവരായിരുന്നു പ്രതികൾ. സഹോദരങ്ങളായിരുന്നു ഇരുവരും.
സവിതയുടെ മകനായിരുന്നു കേസിലെ ഏറ്റവും വലിയ തെളിവെന്ന് ഷാജഹാൻപൂരിലെ പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറയുന്നു. വർഷങ്ങൾക്ക് മുമ്പ് താൻ നേരിട്ട ക്രൂരതകളെ കുറിച്ച് പൊലീസിൽ പരാതി നൽകാൻ സവിതയോട് ആവശ്യപ്പെട്ടതും ആ മകനായിരുന്നു, -ക്രൂരമായ ബലാത്സംഗത്തിന്‍റെ ഫലമായി പിറന്ന സവിതയുടെ മകൻ.
1994ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സവിതക്ക് 12 വയസ്സായിരുന്നു പ്രായം. ഷാജഹാൻപൂരിൽ സഹോദരിക്കും സഹോദരീഭർത്താവിനൊപ്പവുമായിരുന്നു സവിത കഴിഞ്ഞിരുന്നത്. സവിതയുടെ പിതാവ് ആർമിയിലായിരുന്നു. അമ്മയും മറ്റ് നാല് സഹോദരങ്ങളും ഹർദോയി ഗ്രാമത്തിലെ വീട്ടിലായിരുന്നു.
സവിത സൈക്കിളോടിച്ച് പോകുന്നതിനിടെ അവളെ ചിലർ നിരന്തരം കളിയാക്കുകയും തടഞ്ഞുവെക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. അവർ എന്തിനാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. അക്കൂട്ടത്തിൽ റാസി എന്നും ഹസൻ എന്നും പേരുള്ള 20ഉം 22ഉം വയസ്സുള്ള സഹോദരങ്ങളും ഉണ്ടായിരുന്നു.
ഒരു ദിവസം വീട്ടിൽ സവിത ഒറ്റക്കായിരുന്നു. സഹോദരി പുറത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. ആ സമയം റാസിയും ഹസ്സനും വീട്ടിനുള്ളിൽ കയറി സവിതയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഇതാരോടെങ്കിലും പറഞ്ഞാൽ സഹോദരിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഭയന്ന സവിത ഇക്കാര്യം ആരോടും പറഞ്ഞില്ല.
സവിത വീട്ടിൽ ഒറ്റക്കാവുന്ന ദിവസങ്ങളിൽ റാസിയും ഹസ്സനും വീണ്ടും വീണ്ടും വീട്ടിലേക്ക് വന്നു. ക്രൂരമായ ബലാത്സംഗം ആറ് മാസത്തോളം തുടർന്നു. അതിനിടെ ഒരുനാൾ സവിതക്ക് ആദ്യമായി ആർത്തവമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല. തന്നെ ബലാത്സംഗം ചെയ്യുന്നത് കാരണമായിരിക്കാം രക്തം വന്നതെന്നാണ് അവൾ കരുതിയത്. ആദ്യത്തെ ആർത്തവത്തിന് ശേഷം അവൾക്ക് പിന്നീട് ആർത്തവമുണ്ടായില്ല. അവൾക്ക് പിന്നീട് എപ്പോഴും ക്ഷീണവും അസുഖവുമായിരുന്നു. തുടർച്ചയായി തളർന്നുവീഴാൻ തുടങ്ങിയപ്പോൾ അവളെ സഹോദരി ആശുപത്രിയിൽ കൊണ്ടുപോയി.
പരിശോധനയിൽ സവിത ഗർഭിണിയാണെന്ന് തെളിഞ്ഞു. സഹോദരി വലിയ ഞെട്ടലോടെയാണ് ആ വിവരം അറിഞ്ഞത്. തുടർന്ന് സവിത എല്ലാ കാര്യങ്ങളും സഹോദരിയോട് തുറന്നു പറഞ്ഞു. ആ 12 കാരി മൂന്ന് മാസം ഗർഭിണിയായിരുന്നു അപ്പോൾ. ഈയൊരു ഘട്ടത്തിൽ അബോർഷൻ നടത്തുന്നത് അവളുടെ ജീവനെ തന്നെ ബാധിച്ചേക്കാം എന്ന് ഡോക്ടർ പറഞ്ഞു. പൊലീസിൽ പരാതിപ്പെടാൻ ഡോക്ടർ ഉപദേശിച്ചെങ്കിലും അവർ അത് ചെയ്തില്ല. പകരം സവിതയുടെ സഹോദരി ഭർത്താവ് റാസിയുടെയും ഹസന്റെയും വീട്ടിൽ പോയി അവരുടെ രക്ഷിതാക്കളെ കണ്ട് ഇക്കാര്യങ്ങൾ അറിയിച്ചു. എന്നാൽ, രക്ഷിതാക്കൾ ഇക്കാര്യം വിശ്വസിക്കാൻ തയ്യാറായില്ല. അന്ന് രാത്രി റാസിയും ഹസ്സനും ഒരു തോക്കുമായി സവിതയുടെ വീട്ടിൽവന്ന് ഭീഷണിപ്പെടുത്തി. സഹോദരിയെയും അവരുടെ ഭർത്താവിനെയും മർദ്ദിച്ചു. നടന്ന കാര്യം ആരോടെങ്കിലും പറഞ്ഞാൽ വീടിന് തീവെച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നരണ്ട കുടുംബം വീടുവിട്ട് 160 കിലോമീറ്റർ അകലെയുള്ള രാംപൂരിലേക്ക് താമസം മാറ്റി.
സവിതയുടെ സഹോദരി മാതാപിതാക്കളോട് സവിതക്ക് സംഭവിച്ച ദുര്യോഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ, ആറുമാസം കൂടി കഴിഞ്ഞ് സവിത പ്രസവിക്കാറായപ്പോൾ അവൾ രക്ഷിതാക്കളെ വിവരമറിയിച്ചു. അവർ വിവരമറിഞ്ഞ് ഞെട്ടിത്തരിച്ചു. മകൾ തൻറെ അഭിമാനം കളഞ്ഞു എന്നായിരുന്നു പിതാവ് കുറ്റപ്പെടുത്തിയത്. അമ്മയാകട്ടെ, സവിത ഇനി ഗ്രാമത്തിലേക്ക് തിരിച്ചുവരേണ്ട എന്നും പറഞ്ഞു.
തൻറെ പതിമൂന്നാം വയസ്സിൽ സവിത ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സവിതക്ക് ആ കുഞ്ഞിനെ കാണാനേ കഴിഞ്ഞില്ല. താൻ ജീവിച്ചിരിക്കുകയാണോ മരിച്ചതാണോ എന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയിലായിരുന്നു അവൾ. കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്നു കളയണമെന്ന് സഹോദരി സവിതയോട് വന്നു പറഞ്ഞു. അല്ലെങ്കിൽ ആരും നിന്നെ വിവാഹം ചെയ്യാൻ മുന്നോട്ടുവരില്ലെന്നും പറഞ്ഞു. കുഞ്ഞിനെ കുറിച്ച് ഒരു കാര്യം പോലും ചോദിക്കാൻ സവിതയെ അനുവദിച്ചില്ല. തൻറെ കുഞ്ഞിനെ മറ്റാർക്കോ കൈമാറി എന്നു മാത്രമായിരുന്നു സവിതക്ക് അറിയാമായിരുന്നത്.
അൽപ്പകാലം കഴിഞ്ഞപ്പോൾ സവിതയുടെ സഹോദരിയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു. അവരുടെ ഭർത്താവിൻറെ കുടുംബത്തിന് സവിതയുടെ കുടുംബവുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ താല്പര്യമുണ്ടായിരുന്നില്ല. താൻ കാരണം സഹോദരിയുടെ ജീവിതം കൂടി തകർന്നല്ലോ എന്നോർത്ത് സവിത കൂടുതൽ ദുഃഖിതയായി.
വിവാഹവും വിവാഹമോചനവും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയും
സവിതയും സഹോദരിയും രാംപൂരിൽ തന്നെ ജീവിതം തുടർന്നു. സവിത സ്കൂളിലേക്ക് തിരിച്ചു പോയി 1998ൽ പത്താം ക്ലാസ് പാസായി. 2000ൽ സവിതക്ക് 18 വയസ്സ് തികഞ്ഞ ഉടനെ ബന്ധുക്കൾ അവളെ ഒരാൾക്ക് വിവാഹം ചെയ്തു നൽകി. 2002ൽ സവിത ഒരു കുഞ്ഞിന് ജന്മം നൽകി. അത് സന്തോഷകരമായ ഒരു കാലമായിരുന്നെന്ന് സവിത ഓർക്കുന്നു. ഒരു കുടുംബമായി ഏതാനും വർഷം സന്തോഷത്തോടെ ജീവിച്ചു.
എന്നാൽ, 2006ൽ സവിതയുടെ രക്ഷിതാക്കൾ താമസിക്കുന്ന ഗ്രാമത്തിൽനിന്നും അവളുടെ ഭർത്താവ് സവിതക്ക് മുമ്പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കേട്ടറിഞ്ഞു. ഇതോടെ അയാൾ കോപാകുലനായി. സവിതയോട് വളരെയധികം ദേഷ്യപ്പെട്ടു. നാളെ നിൻറെ മകനാണെന്ന് പറഞ്ഞ് ഒരാൾ കയറിവന്ന് സ്വത്തിൽ അവകാശം ചോദിച്ചാൽ നാട്ടുകാർക്ക് മുമ്പിൽ താൻ ആകെ നാണം കെടും എന്ന് അയാൾ പറഞ്ഞു. ഏതാനും മാസം കഴിഞ്ഞപ്പോൾ സവിതയെയും അവർക്ക് ജനിച്ച നാലുവയസ്സുള്ള കുട്ടിയെയും അയാൾ വീട്ടിൽനിന്നും ഇറക്കി വിട്ടു. ഭർത്താവ് സവിതയെ നോക്കാറേ ഉണ്ടായിരുന്നില്ല. സവിത ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കില്ല, അവളെ തൊടുക പോലും ചെയ്യാൻ അയാൾക്ക് മടിയായിരുന്നു.
നഖ്വി ഹസൻ പൊലീസ് കസ്റ്റഡിയിൽ
സവിത തൻറെ കുഞ്ഞിനെയും കൂട്ടി രാംപൂരിൽ നിന്ന് ലക്നോവിലേക്ക് താമസം മാറി. ഒരു വാടകവീട്ടിൽ ഇരുവരും താമസിച്ചു പല പല ജോലികളും ചെയ്തു മുന്നോട്ടുപോയി. ആദ്യം ഒരു മാളിൽ സെയിൽസ് ഗേളായി ജോലി ചെയ്തു. പിന്നീട് പഠിക്കുകയും ഒരു തയ്യൽ കട തുടങ്ങുകയും ചെയ്തു. അത് പരാജയപ്പെട്ടതോടെ ഒരു ബുക്ക് സ്റ്റാളിൽ വില്പനക്കാരിയായി.
2007ൽ ഒരു ദിവസം രാവിലെ സവിത വീടിൻറെ വാതിൽ തുറന്നപ്പോൾ വരാന്തയിൽ 13 വയസ്സുള്ള ഒരു ആൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു. ആരാണെന്നും എന്തു വേണമെന്നും സവിത ചോദിച്ചു. ഞാൻ നിങ്ങളുടെ മകനാണെന്ന് ആ കുട്ടി മറുപടി നൽകി. സവിതക്ക് വിശ്വസിക്കാനായില്ല. പിന്നീട് അവൾ പൊട്ടി കരയാൻ തുടങ്ങി. തന്റെ മകനെ എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിക്കുമെന്ന് അവൾ കരുതിയിരുന്നില്ല. രാജു എന്നായിരുന്നു ആ കുട്ടിയുടെ പേര്.
രാജുവിന്റെ കഥ
സവിത പ്രസവിച്ച അന്നുതന്നെ സവിതയുടെ സഹോദരി, ഗ്രാമത്തിലെ അകന്ന ബന്ധുക്കളായ ദമ്പതികൾക്ക് കുഞ്ഞിനെ രഹസ്യമായി കൈമാറിയിരുന്നു. അവർ അവനെ സ്നേഹത്തോടെ വളർത്തി. എന്നാൽ, ഏതാനും വർഷങ്ങൾക്കു ശേഷം അവർക്ക് സ്വന്തമായി ഒരു കുഞ്ഞു പിറന്നതോടെ അവർ രാജുവിനെ ഉപദ്രവിക്കാൻ തുടങ്ങി. രാജു അവരുടെ കുഞ്ഞല്ല എന്നുള്ളത് ഗ്രാമത്തിലെ അധിക പേർക്കും അറിയാമായിരുന്നു. പലരും അവനെ കളിയാക്കി തുടങ്ങി. സ്കൂളിലെ സഹപാഠികൾ പലതും പറഞ്ഞ് അവനെ വിഷമിപ്പിച്ചു.
2006ൽ സവിതയെ ഭർത്താവ് ഇറക്കിവിടുന്ന സമയത്ത് രാജുവിന് 13 വയസ്സ് ആയിരുന്നു. സവിതയെ ഭർത്താവ് ഇറക്കിവിട്ട കാര്യം രാജുവിന്റെ ഗ്രാമത്തിലെ ആളുകളും അറിഞ്ഞിരുന്നു. അവനെ വളർത്തിയ രക്ഷിതാക്കൾ ഒരു ദിവസം ലക്നോവിലേക്ക് ബസ് കയറ്റി വിട്ടു സവിതയുടെ കൂടെ പോയി കഴിയാൻ പറഞ്ഞു. അങ്ങനെയാണ് രാജു തൻറെ അമ്മയുടെ വീട്ടു വാതിൽക്കൽ എത്തിയത്.
രാജു വന്ന സമയത്ത് സവിതക്ക് 25 വയസ്സായിരുന്നു പ്രായം. സവിത തൻറെ രണ്ടു കുഞ്ഞുങ്ങളെയും ഒരുപോലെ വളർത്തി. ജോലിയോടൊപ്പം സവിത പഠനവും തുടർന്നു. 2010ൽ 12ആം ക്ലാസ് പാസ്സായി. പൊളിറ്റിക്സിൽ ബിരുദവും നേടി.
"പകൽ ഞാൻ ജോലിക്ക് പോകും. വൈകീട്ട് കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവിടും. രാത്രി അവരുടെ പഠന കാര്യങ്ങൾ നോക്കും. അവർ ഉറങ്ങിക്കഴിയുമ്പോൾ രാത്രി ഉറക്കൊഴിഞ്ഞ് പഠിക്കും. വിദ്യാഭ്യാസത്തിനു മാത്രമേ എന്റെ ജീവിതത്തിൽ പ്രതീക്ഷ നൽകാൻ ആകൂവെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു' - സവിത പറയുന്നു.
രാജു പലപ്പോഴും അവൻറെ അച്ഛനെക്കുറിച്ച് സവിതയോട് ചോദിച്ചു തുടങ്ങി. അപ്പോഴൊക്കെ സവിത ദേഷ്യപ്പെട്ട് അവനെ തല്ലും. എന്നാൽ അവൻ പിന്നെയും ചോദിക്കും. തൻറെ പേരിനൊപ്പം വെക്കാൻ അച്ഛൻറെ പേര് വേണമെന്ന് രാജു വാശി പിടിച്ചു. ഒരിക്കൽ അവൻ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി. അതോടെ രാജുവിന്റെ ജനനത്തിന് പിറകിലെ സംഭവങ്ങൾ സവിത അവനോട് തുറന്നു പറഞ്ഞു. 2019 ലായിരുന്നു ഇത്.
അമ്മ നേരിട്ട ദുരന്തങ്ങൾ കേട്ട രാജു അവരോട് പൊലീസിൽ പരാതി നൽകാമെന്ന് പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ അനുഭവിക്കുന്നത് അമ്മ മാത്രമല്ലെങ്കിലോ എന്ന് അവൻ ചോദിച്ചു. അമ്മയുടെതല്ലാത്ത കുറ്റത്തിന് നമ്മൾ എന്തിനാണ് ഇത്രയേറെ അനുഭവിക്കുന്നതെന്നും അവൻ ചോദിച്ചു.
ബന്ധുക്കളും അയൽക്കാരും ഒക്കെ അറിഞ്ഞാൽ എന്ത് കരുതും എന്ന് സവിത ചോദിച്ചു. ഒരു പിടി അരി പോലും തരാതെ ദ്രോഹിച്ച ബന്ധുക്കളെ അമ്മ എന്തിനാണ് ഭയക്കുന്നത് എന്ന് രാജു തിരികെ ചോദിച്ചു.
2020 ജൂലൈയിൽ സവിതയും രാജുവും ഷാജഹാൻപൂരിലേക്ക് വന്നു. സദാ ബസാർ പൊലീസ് സ്റ്റേഷനിൽ ചെന്ന് സവിത തൻറെ കഥ മുഴുവൻ പറഞ്ഞു. എന്നാൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.
തന്നെ ഉപദ്രവിച്ചവരുടെ പേര് സവിതക്ക് ഓർമ്മയുണ്ടായിരുന്നില്ല. അവരുടെ ഫോട്ടോയോ ബന്ധപ്പെടാനുള്ള വിലാസമോ ഫോൺ നമ്പറോ ഉണ്ടായിരുന്നില്ല. ഏറെ പഴകിയ സംഭവമാണെന്നും ഒരു തുമ്പും ഈ കേസിൽ ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു.
മുഹമ്മദ് മുക്താർ ഖാൻ എന്ന അഭിഭാഷകനെ സവിത പോയി കണ്ടിരുന്നു. അദ്ദേഹം സവിതയുടെ കേസ് ഏറ്റെടുത്തു. 2020 ആഗസ്റ്റിൽ മജിസ്ട്രേറ്റിന് മുമ്പിൽ സവിതയുടെ പരാതി എത്തിച്ചു. പൊലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുത്തു അന്വേഷിക്കാനും മജിസ്ട്രേറ്റ് ഉത്തരവിട്ടു.
27 വർഷത്തിനുശേഷം കേസ്!
2021 മാർച്ച് അഞ്ചിന്, ആ ക്രൂരകൃത്യം നടന്ന് 27 വർഷത്തിനുശേഷം അജ്ഞാതരായ രണ്ടുപേർക്കെതിരെ സവിതയെ ബലാത്സംഗം ചെയ്തതിന് കേസെടുത്തു. ഇൻസ്പെക്ടർ മകൾ സിംഗിനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹം കുറ്റവാളികളെ അന്വേഷിച്ചിറങ്ങി.
സവിത താമസിച്ചിരുന്ന ഗ്രാമത്തിൽ പോയി അദ്ദേഹം അന്വേഷിച്ചു. എന്നാൽ പറയുന്ന പ്രകാരമുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നില്ല. അവർ സ്ഥലംമാറിപ്പോയെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവർ ഇപ്പോൾ ഉള്ളത് എവിടെയാണെന്ന് ആർക്കും അറിയുമായിരുന്നില്ല.
സവിതയും ഇതേസമയം അവരെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ അവളും പൊലീസിനൊപ്പം കൂടി. അന്വേഷണത്തിന്റെ 25ാം ദിവസം റാസി എന്നും ഹസ്സൻ എന്നും പേരുള്ള സഹോദരങ്ങൾ ഷാജഹാൻപൂരിൽ ആണ് ഉള്ളതെന്ന് അവർ കണ്ടെത്തി. ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുകയായിരുന്നു അവർ. പലപ്പോഴും യാത്രയിൽ ആയിരിക്കുമെന്നതിനാൽ അവർ എവിടെയാണ് ഉള്ളതെന്ന് കൃത്യമായി തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല. സവിത അവരെക്കുറിച്ച് അറിയാൻ പലവഴിക്കും തിരഞ്ഞു. നിരവധി മെക്കാനിക് ഷോപ്പുകളിൽ അവൾ അന്വേഷിച്ചു. അങ്ങനെയിരിക്കെ ഒരു കടക്കാരൻ അവൾക്ക് റാസിയുടെ ഫോൺ നമ്പർ നൽകി.
ആ നമ്പറിലേക്ക് സവിത വിളിച്ചു. എന്നിട്ട് താൻ ആരാണെന്ന് അവരോട് പറഞ്ഞു. സവിതയെ റാസി തിരിച്ചറിഞ്ഞു. നീ ഇപ്പോഴും ജീവനോടെയുണ്ടോ എന്നായിരുന്നു അയാൾ ചോദിച്ചത്. 'ഞാൻ ജീവനോടെയുണ്ട്, ഇനി നീയാണ് മരിക്കാൻ പോകുന്നത്' -സവിത അയാൾക്ക് മറുപടി നൽകി. ശേഷം ഫോൺ കട്ട് ചെയ്തു. റാസി പലതവണ തിരിച്ചു വിളിച്ചെങ്കിലും സവിത ഫോൺ എടുത്തില്ല.
സവിത റാസിയുടെ ഫോൺ നമ്പർ പൊലീസിന് കൈമാറി. ഇൻസ്പെക്ടർ ഒരു അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉണ്ടെന്ന് പറഞ്ഞ് റാസിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. റാസിക്ക് പിന്നാലെ ഹസ്സനെയും സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, ഇവർ തന്നെയാണ് പ്രതികളെന്ന് ഉറപ്പുവരുത്താൻ മറ്റ് തെളിവുകളൊന്നും പൊലീസിന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. ഇത്ര പഴകിയ ഒരു കേസിൽ ശക്തമായ തെളിവുകൾ ഇല്ലെങ്കിൽ ശിക്ഷിക്കപ്പെടില്ലെന്ന് ഇൻസ്പെക്ടർക്ക് അറിയാമായിരുന്നു.
അവശേഷിച്ചത് ഒരേയൊരു തെളിവ്!
കേസിൽ മറ്റൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും ഒരേയൊരു തെളിവു മാത്രം അവശേഷിച്ചിരുന്നു -രാജു. 2021 ജൂണിൽ പൊലീസ് രാജുവിന്റെയും രണ്ട് പ്രതികളുടെയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ പരിശോധന ഫലം പുറത്തുവന്നപ്പോൾ രാജുവിന്റെയും നഖ്വി ഹസന്റെയും ഡി.എൻ.എ ഒന്നാണെന്ന് തെളിഞ്ഞു. രണ്ട് പ്രതികളിൽ ഹസ്സൻ ആയിരുന്നു രാജുവിന്റെ 'പിതാവ്'.
കേസ് ശക്തമായതോടെ രണ്ട് പ്രതികളും ഒളിവിൽ പോയി. പിന്നീട് ഹൈദരാബാദിൽ വച്ചാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. റാസിയെ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനും ഹസ്സനെ ആഗസ്റ്റ് പത്തിനും അറസ്റ്റ് ചെയ്തു. ഇരുവരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ഈ കേസ് ഇങ്ങനെ അന്വേഷിക്കപ്പെടും എന്നോ തങ്ങൾ പിടിയിലാകും എന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണ് റാസിയുടെ കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരുന്നത്.
ഇരു പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ആണുള്ളത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗ കുറ്റവും ചുമത്തുമെന്ന് സവിതയുടെ അഭിഭാഷകൻ പറഞ്ഞു.
തന്റെ കഥ പുറംലോകം അറിയണമെന്ന് തന്നെകുറിച്ച് റിപ്പോർട്ട് ചെയ്ത ഓൺലൈൻ മാധ്യമമായ ന്യൂസ് ലോൺഡ്രിയോട് സവിത പറയുന്നു. ആളുകൾ എന്തുതന്നെ പറഞ്ഞാലും ഞാൻ എൻറെ പോരാട്ടം തുടരും. എൻറെ കഥ മറ്റുള്ള സ്ത്രീകൾക്കും പോരാടാനുള്ള ധൈര്യം നൽകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത് - സവിത പറയുന്നു.
(newslaundry.com ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ പരിഭാഷ. സവിതയുടെയും മകന്റെയും പേരുകൾ യഥാർഥമല്ല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

