അസമിൽ ഹിമന്ത ബിശ്വ ശർമ സർക്കാർ നാളെ അധികാരമേൽക്കും; മന്ത്രിസഭയിൽ 19 അംഗങ്ങളുണ്ടായേക്കും
text_fieldsഗുവാഹത്തി: അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരമുറപ്പിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമന്ത ബിശ്വ ശർമക്കൊപ്പം 18 മുതൽ 19 വരെ മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഗുവാഹത്തിയിലെ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.
മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ പട്ടികക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കൂ. പഴയ മുഖങ്ങളെ നിലനിർത്തണമോ അതോ പുതിയവർക്ക് അവസരം നൽകണമോ എന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി എത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ വ്യവസായ പ്രമുഖരും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തുന്ന ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസം ജനത നൽകിയ വ്യക്തമായ ജനവിധി ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുമെന്നും വരും വർഷങ്ങളിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് 10ന് ചേർന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗമാണ് ഹിമന്ത ബിശ്വ ശർമയെ വീണ്ടും നേതാവായി തിരഞ്ഞെടുത്തത്. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

