കുരുക്ഷേത്ര എൻ.ഐ.ടിയിൽ വീണ്ടും ആത്മഹത്യ; രണ്ട് മാസത്തിനിടെ നാലാമത്തെ മരണം, പ്രതിഷേധവുമായി വിദ്യാർഥികൾ
text_fieldsകുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്ര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാമ്പസിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ബിഹാർ ബക്സർ സ്വദേശിയായ ഇരുപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണിത്. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടത്തിനെതിരെ വിദ്യാർഥികളുടെ വൻ പ്രതിഷേധം ഇരമ്പുകയാണ്.
എൽ.എൻ.ജെ.പി ആശുപത്രിയിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 16, മാർച്ച് 31, ഏപ്രിൽ 8 തിയതികളിലായി നേരത്തെയും കാമ്പസിൽ സമാനമായ മരണങ്ങൾ സംഭവിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയാണ് തുടർച്ചയായ മരണങ്ങൾക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. കൃത്യമായ സമയത്ത് സഹായമെത്തിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് പരാജയപ്പെട്ടതായും പ്രതിഷേധക്കാർ പറഞ്ഞു.
സമഗ്രമായ അന്വേഷണം വേണം, കൗൺസിലിങ് സേവനങ്ങൾ മെച്ചപ്പെടുത്തണം, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശക്തമായ സംവിധാനങ്ങൾ ഒരുക്കണം എന്നിവയാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങൾ. അക്കാദമിക് സമ്മർദം, സാമ്പത്തിക പ്രതിസന്ധി, കുടുംബത്തിന്റെ പ്രതീക്ഷകൾ എന്നിവ വിദ്യാർഥികളെ തളർത്തുന്നുണ്ടെന്നും ഇതിനെ നേരിടാൻ പ്രൊഫഷണൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമല്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
വിദ്യാർഥി മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നടപടികൾ, ഹോസ്റ്റലുകളിൽ സ്ട്രെസ് മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ, സി.സി.ടി.വി നിരീക്ഷണം ശക്തമാക്കൽ എന്നിവയൊക്കെ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 17 മുതൽ മെയ് 4 വരെ 'പ്രിപ്പറേറ്ററി ഹോളിഡേയ്സ്' (അവധി) പ്രഖ്യാപിച്ചു. എന്നാൽ സിലബസ് പൂർത്തിയാക്കാതെയുള്ള ഈ അവധി പ്രഖ്യാപനത്തെ വിദ്യാർഥികൾ ചോദ്യം ചെയ്യുന്നുണ്ട്.
തുടർച്ചയായ ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതി അടുത്തയാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണനിർവ്വഹണവും വിദ്യാർഥി പിന്തുണാ സംവിധാനങ്ങളും സമിതി പരിശോധിക്കും. വിദ്യാർഥി ആത്മഹത്യകൾ തടയുന്നതിനായി സുപ്രീം കോടതി 2025 മാർച്ചിൽ ഒരു ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും 2026 ജനുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക. Sumaitri (ഡൽഹി): 011-23389090, Sneha Foundation (ചെന്നൈ): 044-24640050)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

