മൂന്നാം കക്ഷി സാന്നിധ്യം ത്രിപുരയിലും ബി.ജെ.പിക്ക് ഗുണം
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ സഖ്യം ഉയർന്നുവരാനിടയുള്ള സംസ്ഥാനങ്ങളിൽ മൂന്നാം കക്ഷിയുടെ സാന്നിധ്യം ഗുണകരമാകുക ബി.ജെ.പിക്കായിരിക്കും എന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ത്രിപുര തെരഞ്ഞെടുപ്പ് ഫലം.
മുമ്പ് ചിത്രത്തിലേ ഇല്ലാതിരുന്ന ആം ആദ്മി പാർട്ടി ഭരണവിരുദ്ധ വോട്ടുകൾ പിടിച്ചപ്പോൾ ഗുജറാത്തിൽ ബി.ജെ.പി നേടിയ ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയത്തിന് പിന്നാലെയാണ് നഷ്ടപ്പെട്ടേക്കുമായിരുന്ന ത്രിപുരയിലെ ഭരണത്തുടർച്ച മൂന്നാം കക്ഷിയുടെ സാന്നിധ്യത്താൽ സാധ്യമാക്കിയത്. 2018ൽ സി.പി.എം തനിച്ചു നിന്നപ്പോൾ കിട്ടിയ 16 സീറ്റിലേക്കുപോലും ഭരണവിരുദ്ധ വികാരത്തിനിടയിലും സി.പി.എം-കോൺഗ്രസ് സഖ്യത്തിന്റെ നില എത്തിയില്ല. ത്രിപുരയിൽ സി.പി.എം-കോൺഗ്രസ് സഖ്യം വിജയം നേടിയാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നീങ്ങിയത്.
സഖ്യമുണ്ടാക്കാൻ ടിപ്ര മോത പാർട്ടി തലവൻ പ്രദ്യുത് മാണിക്യ ദേവ് ബർമനുമായി ആദ്യം ചർച്ച നടത്തിയ ബി.ജെ.പി പിന്നീട് അത് വേണ്ടെന്നുവെക്കുകയായിരുന്നു. ‘വിശാല ടിപ്ര ലാൻഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു അതിന് പറഞ്ഞ ന്യായം.
ബി.ജെ.പി വോട്ടിൽ കാര്യമായ ഇടിവുണ്ടാക്കാതെ ടിപ്ര മോത പാർട്ടി പിടിച്ച വോട്ടുകൾ അധികവും പ്രതിപക്ഷത്തിന്റേതാണെന്ന് ത്രിപുരയിലെ വോട്ടു പ്രവണതകൾ കാണിക്കുന്നു. പ്രകടന പത്രികയിലും പ്രചാരണത്തിലും സി.പി.എം-കോൺഗ്രസ് സഖ്യത്തിന്റെ വോട്ടർമാരെ ലക്ഷ്യമിട്ട മാണിക്യ ദേവ് ബർമൻ തന്റെ കൊട്ടാരത്തിൽ നമസ്കാരം നടക്കാറുണ്ടെന്നും അധികാരം ലഭിച്ചാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി വോട്ടുകളും ടിപ്ര മോത പിടിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും പരിക്കേല്പിച്ചത് പ്രതിപക്ഷ സഖ്യത്തെയാണ്.
ബി.ജെ.പിയും പ്രതിപക്ഷത്ത് സി.പി.എമ്മും മാത്രമുണ്ടായിരുന്ന ബർജാല മണ്ഡലത്തിൽ ബി.ജെ.പിയുടെ ദിലീപ് കുമാർ ദാസ് സി.പി.എമ്മിന്റെ സുദീപ് സർക്കാറിനോട് പരാജയമേറ്റുവാങ്ങി.
ടിപ്ര മോത 20 ശതമാനം വോട്ടു പിടിച്ച അമർപുർ മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ടു ശതമാനം 44.21ൽ നിന്നപ്പോൾ സി.പി.എം- കോൺഗ്രസ് സഖ്യത്തിന് 32.92 ശതമാനം വോട്ടാണ് കിട്ടിയത്. ടിപ്ര കാര്യമായ ഇളക്കമൊന്നുമുണ്ടാകാതിരുന്ന ബഗ്ബാസയിൽ അവർ പിടിച്ച 2000ലേറെ വോട്ട് സി.പി.എമ്മിന്റെ ബിജിത നാഥിന്റെ 1500ാളം വോട്ടുകൾക്കുള്ള തോൽവി ഉറപ്പാക്കി.
മണിക് സാഹക്ക് രണ്ടാമൂഴം
അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹക്ക് ടൗൺ ബർദോവാലി മണ്ഡലത്തിൽ വിജയം. മുതിർന്ന കോൺഗ്രസ് നേതാവ് ആശിഷ് കുമാർ സാഹയെയാണ് 1257 വോട്ടിന് തോൽപിച്ചത്. വിജയം എളുപ്പമായിരിക്കില്ലെന്ന സ്വന്തം പാർട്ടിയിലെ വിമർശകരുടെ പ്രവചനം തെറ്റിച്ചാണ് അദ്ദേഹം രണ്ടാമൂഴത്തിൽ വിജയം നേടിയത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന് ഇത്തവണ വെല്ലുവിളി ഉണ്ടാകാൻ സാധ്യതയില്ല. 2016ലാണ് സാഹ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. രാഷ്ട്രീയത്തിലെത്തും മുമ്പ് ഹപാനിയയിലെ ത്രിപുര മെഡിക്കല്‍ കോളജില്‍ അധ്യാപകനായിരുന്നു.
2018ല്‍ ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ ബിപ്ലബ് കുമാര്‍ ദേബായിരുന്നു മുഖ്യമന്ത്രി. അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ പകരക്കാരനായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

