സെൻസസ് വരുമ്പോൾ; എന്തെല്ലാം മാറ്റങ്ങൾ
text_fieldsഒന്നര പതിറ്റാണ്ടിനുശേഷം രാജ്യത്ത് സെൻസസ് നടക്കാൻ പോകുന്നു. 2026 ഒക്ടോബർ ഒന്നിനും 2027 മാർച്ച് ഒന്നിനുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് സെൻസസ്. മഞ്ഞുവീഴ്ചയടക്കമുള്ള കാലാവസ്ഥ പ്രതിസന്ധികൾക്ക് സാധ്യതയുള്ള ലഡാക്ക്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളിലാണ് സെൻസസ് നേരത്തേ ആരംഭിക്കുന്നത്. 2001ൽ നടക്കേണ്ട സെൻസാണിത്. കോവിഡും മറ്റും കാരണം നീണ്ടുപോയ സെൻസസ് വർഷങ്ങൾക്കിപ്പുറം നടക്കാൻ പോകുന്നുവെന്നതിനപ്പുറം ഇക്കുറി നടക്കുന്ന 16ാം സെൻസസ് നിർണായകവും പുതുമ നിറഞ്ഞതുമാണ്.
ജാതി സെൻസസും സ്മാർട്ട് സെൻസസും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് കൂടി ഇതോടൊപ്പം നടക്കുന്നു. 1931ലാണ് ഇന്ത്യയിൽ അവസാനമായി ജാതി സെൻസസ് നടന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള ‘സ്മാർട്ട് സെൻസസ്’ കൂടിയാണിത്. വ്യക്തികൾക്ക് സ്വന്തം വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം വരെ ഒരുക്കിയിട്ടുണ്ട്.
രണ്ട് ഘട്ടങ്ങൾ
ഏതൊരു സെൻസസിനും രണ്ട് ഘട്ടങ്ങളുണ്ടാകും: ഭവന സെൻസസും ജനസംഖ്യ കണക്കെടുപ്പും. ആദ്യം നടക്കുക ഭവന സെൻസസായിരിക്കും. ഇതിൽ രാജ്യത്തെ മുഴുവൻ ഭവനങ്ങളുടെയും ഇതര കെട്ടിടങ്ങളുടെയും കണക്കെടുക്കും. ഓരോ വീട്ടിന്റെയും തരം (കോമേഴ്സ്യൽ ബിൽഡിങ് ആണോ മറ്റോ), അംഗങ്ങളുടെ എണ്ണം, വൈദ്യുതി-വെള്ളം കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ, ടി.വി, വാഹനങ്ങളുടെ എണ്ണം, വീട് നിർമിച്ച വസ്തുക്കൾ തുടങ്ങിയ വിശദാംശങ്ങളെല്ലാം രേഖപ്പെടുത്തും. സെൻസസ് വർഷത്തിലെ മാർച്ച് -സെപ്റ്റംബർ മാസങ്ങളിലാണ് ഇത് സാധാരണയായി നടക്കാറുള്ളത്. ഇക്കുറി 2026ൽതന്നെ പ്രതീക്ഷിക്കാം.
ഭവന സെൻസസിനുശേഷമാണ് ജനസംഖ്യ കണക്കെടുപ്പ്. വ്യക്തിവിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക. ജാതി സെൻസസ് നടക്കുന്നതും ഈ ഘട്ടത്തിൽതന്നെ.
എല്ലാം ഡിജിറ്റൽ
മുൻ വർഷങ്ങളിലെപോലെ എന്യൂമറേറ്റർമാർ വീട്ടിൽ വന്ന് കണക്കെടുക്കുമെങ്കിലും അവരുടെ ജോലി എളുപ്പത്തിലാക്കാൻ വീട്ടുകാർക്ക് സ്വന്തം നിലയിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകും. സർക്കാർ തയാറാക്കുന്ന പോർട്ടലിലാണ് വിവരങ്ങൾ നൽകാനാവുക. അപ്ലോഡ് ചെയ്ത് കഴിഞ്ഞാൽ, ഒരു ഐ.ഡി ലഭിക്കും. എന്യൂമറേറ്റർമാർ വീട്ടിലെത്തുമ്പോൾ ഈ ഐ.ഡി നമ്പർ നൽകിയാൽ മതിയാകും. ഭവന സർവേ നടക്കുന്നത് ജി.പി.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാകുമെന്നതിനാൽ, ഈ ഘട്ടവും എളുപ്പത്തിൽ പൂർത്തീകരിക്കാനാകും. സെൻസസ് പ്രക്രിയക്കായി പ്രത്യേകം ആപ്പുമുണ്ട്.
പുതിയ ചോദ്യങ്ങൾ
2011നെ അപേക്ഷിച്ച് സർവേ ഫോറത്തിൽ പുതിയ ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്: ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ ഉപയോഗം, കുടിവെള്ള ലഭ്യത, പാചക വാതക കണക്ഷൻ ടൈപ്, വാഹന ഉടമസ്ഥത തുടങ്ങിയ സംബന്ധിച്ചുള്ളതാണ് ഭവന സെൻസസിലെ പുതിയ ചോദ്യങ്ങൾ.
മുൻ സെൻസസുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗം മാത്രമാണ് പ്രത്യേകമായി എണ്ണിയിരുന്നത്. ഇത്തവണ ഇത് മുഴുവൻ ജാതിയും തിരിച്ച് കണക്കാക്കും. കുടിയേറ്റത്തെക്കുറിച്ചും പുതിയ ചോദ്യങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം ആഭ്യന്തര പലായനം സംഭവിച്ചത് പ്രത്യേകമായി രേഖപ്പെടുത്തും. സാങ്കേതികവിദ്യ പരിജ്ഞാനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ആദ്യമായി ട്രാൻസ്ജെൻഡറുകളെ പ്രത്യേകമായി എണ്ണും എന്ന പ്രത്യേകതയുമുണ്ട്.
ടെക്നോളജി തിരിച്ചടിക്കുമോ?
സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന സെൻസസ് പ്രക്രിയയിൽ അതേ ടെക്നോളജി വില്ലനാകുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ദുർബലമാണ്. സെൻസസിനായി തയാറാക്കിയിട്ടുള്ള ആപ്പും കൃത്യമായി പ്രവർത്തിക്കുമോ എന്നതും കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

