
അറസ്റ്റ് ഭയന്ന് 'വന്ദേമാതരം' വിളിച്ച് നാലാംനിലയിൽനിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം
text_fieldsമുംബൈ: പൊലീസുകാരിൽനിന്ന് രക്ഷപ്പെടാൻ പാർപ്പിട സമുച്ചയത്തിന്റെ നാലാം നിലയിൽനിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചർച്ച്ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് ഉടൻ തന്നെ ഇയാളെ ജെ.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ശനിയാഴ്ച മരിക്കുകയായിരുന്നു.
പുലർച്ചെ നാലുമണിയോടെയാണ് 25കാരൻ പാർപ്പിട സമുച്ചയത്തിലെത്തിയതെന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. പ്രധാന ഗേറ്റിലെ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റ് ചാടിക്കടന്നാണ് ഇയാൾ കെട്ടിടത്തിലെത്തിയത്. കെട്ടിടത്തിൽ ഒരാൾ അതിക്രമിച്ച് കടന്നതായി തിരിച്ചറിഞ്ഞതോടെ സെക്യൂരിറ്റി എല്ലാവർക്കും ജാഗ്രതനിർദേശം നൽകുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ ഇയാൾ ഡ്രൈനേജ് പൈപ്പിലൂടെ കെട്ടിടത്തിന് മുകളിലേക്ക് കയറി ഒരു ജനൽപടിയിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. പൊലീസും പ്രദേശവാസികളും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പുനൽകി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങാൻ തയാറായില്ല. തുടർന്ന് രാവിലെ 7.15ഓടെ ഒരു പൊലീസുകാരൻ സുരക്ഷാബെൽറ്റ് ധരിച്ച് അടുത്തെത്താൻ ശ്രമിച്ചതോടെ യുവാവ് തൊട്ടടുത്ത കെട്ടിടമായ വിശ്വ മഹലിന്റെ കോമ്പൗണ്ടിലേക്ക് ചാടുകയായിരുന്നു. തറയിൽവീണ ഇയാൾക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇയാൾ 'വന്ദേമാതര'മെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് താഴേക്ക് ചാടിയതെന്ന് കെട്ടിടത്തിലെ താമസക്കാരനും മറൈൻ ഡ്രൈവ് റസിഡൻസ് അസോസിയേഷൻ അംഗവുമായ അനിൽ ഭാട്ടിയ പറഞ്ഞു.
രോഹിത് എന്ന യുവാവാണ് മരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിശ്വകാന്ത് കൊലേക്കർ പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ബന്ധുക്കൾക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
