ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷം, വിമാന സർവീസുകൾ റദ്ദാക്കി; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
text_fieldsഡൽഹിയിലെ റോഡിൽ പുകമഞ്ഞ് നിറഞ്ഞപ്പോൾ
ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നഗരത്തിലെ 40 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 11 എണ്ണത്തിലും വായുനിലവാരം അതീവ ഗുരുതരമായ നിലയിലാണ് രേഖപ്പെടുത്തിയത്. ഇതിൽ വിവേക് വിഹാർ (434), ആനന്ദ് വിഹാർ (430) എന്നിവിടങ്ങളിലാണ് ഏറ്റവും മോശം വായുഗുണനിലവാരം റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ഒമ്പതാംദിനമാണ് രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞും വിഷപ്പുകയും കലർന്ന അതീവ ഗുരുതര നില റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുകമഞ്ഞ് കനത്തതോടെ രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177 സർവീസുകൾ റദ്ദാക്കി.
ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റീബുക്കിങ് സൗകര്യങ്ങളും ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
വെള്ളിയാഴ്ച പുലർച്ചെ സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ കാഴ്ചപരിധി പൂജ്യം മീറ്ററായും പാലത്ത് 50 മീറ്ററായും കുറഞ്ഞതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബറാണ് കടന്നുപോകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. താപനില കുറയുന്നത് മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന 'ഇൻവേർഷൻ എഫക്റ്റ്' വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ തോത് ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ മഴ ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
നിലവിലെ നിയന്ത്രണ നടപടികൾ പരാജയമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, മലിനീകരണം തടയാൻ ശാശ്വത പരിഷ്കാരങ്ങൾ വേണമെന്ന് നിർദേശിച്ചു. നഗരങ്ങളിലെ ഗതാഗതം, വ്യവസായങ്ങളിൽ നിന്നുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ എന്നിവയിൽ കേന്ദ്രീകൃത നടപടികൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

