‘അവർ പള്ളിയിലേക്ക് ഇരച്ചു കയറി ആക്രമിച്ചു, സ്കൂൾ അടപ്പിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഹിന്ദുത്വ ഭീകരതയുടെ ഇരയായി ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ കുടുംബം
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ തന്റെ ജന്മനാടായ കവാർധയിൽ ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷ ഇത്രയും അനിഷ്ടകരമായ സംഭവങ്ങളിലേക്ക് നയിക്കുമെന്ന് ജോഷ്വ ജോസ് തോമസ് എന്ന 22 കാരൻ ഒരിക്കലും കരുതിയിരുന്നില്ല.
വിശ്വഹിന്ദു പരിഷത്തുമായി ഒത്തുചേർന്ന് നിയമവിരുദ്ധ മതപരിവർത്തനം ആരോപിച്ച് ബജ്റംഗദൾ അംഗങ്ങൾ പ്രാർത്ഥനാ ശുശ്രൂഷ തടസ്സപ്പെടുത്തുകയും ജോഷ്വയുടെ കുടുംബത്തെ ആക്രമിക്കുകയും ചെയ്തു. എന്നാൽ, അക്രമികൾക്കു പകരം പാസ്റ്ററായ പിതാവിനെയാണ് പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തത്.
പിതാവ് ജോസ് തോമസ് (56), അമ്മ ലിജി തോമസ് (46), രണ്ട് ഇളയ സഹോദരന്മാരായ ജോയൽ തോമസ് (19), ജോസഫ് തോമസ് (18) എന്നിവർ അടങ്ങുന്ന ജോഷ്വയുടെ കുടുംബം 35 വർഷം മുമ്പ് കേരളത്തിൽ നിന്ന് കബീർധാം ജില്ലയിലെ കവാർധയിലേക്ക് താമസം മാറിയ മലയാളി ക്രിസ്ത്യാനികളാണ്. ജോഷ്വയും സഹോദരങ്ങളും ജനിച്ചതും വളർന്നതും അവിടെയാണ്. ഇത് ആദ്യമായല്ല തങ്ങളുടെ കുടുംബം പീഡനത്തിനിരയാവുന്നതെന്ന് ജോഷ്വ ആരോപിക്കുന്നു. അക്രമം ഭയന്ന് അദ്ദേഹമിപ്പോൾ മറ്റൊരു നഗരത്തിലാണ് താമസിക്കുന്നത്.
എന്താണ് സംഭവിച്ചത്?
മെയ് 18 ഞായറാഴ്ച രാവിലെ 11.30 ന്, വി.എച്ച്.പി, ബജ്റംഗദൾ സംഘടനയിലെ അക്രമികൾ ചില പ്രാദേശിക പത്രപ്രവർത്തകരോടൊപ്പം ആദർശ് നഗറിലെ ഇന്ത്യൻ മിഷനറി പള്ളിയിലേക്ക് ഇരച്ചുകയറി. അവർ ജയ് ശ്രീ റാം വിളിക്കുകയും ജോഷ്വയുടെ കുടുംബത്തെയും ചടങ്ങിൽ പങ്കെടുത്തവരെയും പൊലീസിന്റെ സാന്നിധ്യത്തിൽ മർദിക്കുകയും ചെയ്തു. പൊലീസ് അക്രമികളെ തടയാൻ ശ്രമിച്ചില്ല.
കഴിഞ്ഞ 35 വർഷമായി തന്റെ കുടുംബം ഭീഷണിയും പീഡനവും നേരിടുന്നുവെന്ന് ജോഷ്വ പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. പാസ്റ്റർ ജോസ് തോമസ് കഴിഞ്ഞ 35 വർഷമായി കവാർധയിൽ ജോലി ചെയ്യുന്നു. 1999ൽ അദ്ദേഹം അവിടെ ഹോളി കിംഗ്ഡം ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചു. ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ സ്കൂൾ. 600റോളം വിദ്യാർഥികൾ ഇവിടെ ചേർന്നു പഠിച്ച് പല മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
2010 ൽ മുൻ മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ രമൺ സിങ്ങിന്റെ കാലത്ത് വി.എച്ച്.പി, ബജ്റംഗ് ദൾ തുടങ്ങിയ സംഘ് അനുബന്ധ സംഘടനകൾ പാസ്റ്റർ ജോസിനെതിരെ നിർബന്ധിത മതപരിവർത്തന കുറ്റം ആരോപിച്ചതിനെ തുടർന്ന് ഒരു കേസിൽ അദ്ദേഹത്തെ കുടുക്കി 10 ദിവസം ജയിലിലടച്ചു. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ തെളിവുകളുടെ അഭാവം മൂലം 2014ൽ പ്രാദേശിക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഫീസ് അടച്ചിരുന്ന അവരുടെ സ്കൂളിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായും ജോഷ്വ പറഞ്ഞു.
ഫീസ് പ്രശ്‌നങ്ങൾ മുതൽ മതപരിവർത്തന കുറ്റങ്ങൾ വരെ
തങ്ങളുടെ സ്കൂളിൽ ഫീസ് കുടിശ്ശിക അടക്കാത്ത നിരവധി കേസുകൾ ഉണ്ടെന്ന് ജോഷ്വ വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ 29ന്, ബി.ജെ.പി ജില്ല പ്രസിഡന്റ് രാജേന്ദ്ര ചന്ദ്രവംശിയിൽനിന്ന് പാസ്റ്റർ ജോസിന് കോൾ ലഭിച്ചത്. നാട്ടുകാരനായ സുശീൽ ഷിൻഡെയുടെ കുട്ടികൾക്ക് ടി.സി സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ തന്റെ സ്കൂൾ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഫീസ് അടക്കാനുള്ള കാലതാമസം കാരണം ടി.സി നൽകാൻ കഴിയില്ലെന്ന് പാസ്റ്റർ ജോസ് വിശദീകരിച്ചു. രണ്ട് വർഷത്തെ ഫീസ് കുടിശ്ശികയുണ്ടെന്ന് വിശദീകരിച്ച് മെയ് 2 ന് പാസ്റ്റർ എസ്.പിയുടെ ഓഫിസിലേക്ക് ഒരു കത്ത് എഴുതി. ദിവസങ്ങൾക്കുള്ളിൽ ബജ്‌റംഗ്ദൾ നേതാക്കളായ സാഗർ സാഹു, ഷിൻഡെ, ചില വി.എച്ച്.പി, എ.ബി.വി.പി അംഗങ്ങൾ മതപരിവർത്തനം ആരോപിച്ച് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
‘സാഗർ സാഹുവിന്റെ അനന്തരവൻ ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നുണ്ട്. കവാർധയിലെ എല്ലാ കുടുംബങ്ങൾക്കും ഞങ്ങളുടെ സ്കൂൾ നേരിട്ടും അല്ലാതെയും വിദ്യാഭ്യാസം നൽകി. കവാർധയിലെ മിക്കവാറും എല്ലാ ഡോക്ടർമാരും എൻജിനീയർമാരും ഞങ്ങളുടെ സ്കൂളിൽ നിന്നുള്ളവരായിരുന്നു’വെന്നും ജോഷ്വ അവകാശപ്പെട്ടു.
എന്നാൽ, ‘വ്യാജ മതപരിവർത്തന സിദ്ധാന്തം’ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും അവർക്ക് പ്രദേശത്ത് താമസിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തി. ജോഷ്വയുടെ അമ്മ ലിജി ഈ വിഷയത്തിൽ ജില്ലാ മജിസ്റ്റിന്റെ ഓഫിസ് സന്ദർശിക്കുകയും ഫീസ് ഒഴിവാക്കണമെന്നും ടി.സി നൽകണമെന്നുമുള്ള ആവശ്യത്തിന് അവർ വഴങ്ങുകയും ചെയ്തു. എന്നാൽ, വലതുപക്ഷ ഗ്രൂപ്പുകൾ കുഴപ്പങ്ങൾ അവസാനിക്കരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് അവർ മതപരിവർത്തനം ആരോപിച്ചതെന്നും ജേഷ്വ പറഞ്ഞു.
പള്ളിക്കുനേരെ ആക്രമണം
മെയ് 18 ഞായറാഴ്ച ആദർശ് നഗർ പള്ളിയിൽ ആരാധനക്കായി 20 ഓളം നാട്ടുകാർ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇത് ഒരു പതിവാണെന്ന് പാസ്റ്റർ ജോസ് പറയുന്നു. എന്നാൽ സൗരവ് സിംഗ്, സാഗർ സാഹു, രാകേഷ് സാഹു, രാകേഷ് യാദവ്, ഹർഷ് യാദവ്, ഏകലവ്യ താക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം അവിടെയെത്തി.
‘അവർ അടിക്കാൻ എന്റെ കഴുത്തിൽ പിടിച്ചു. ആരാധനസ്ഥലത്ത് ഉണ്ടായിരുന്ന പെൺകുട്ടികൾ ഭയന്ന് കുളിമുറിയിൽ ഒളിച്ചു’- ജോഷ്വയുടെ ഇളയ സഹോദരൻ ജോയൽ പറഞ്ഞു.
‘ആളുകളെ തെറ്റായി മതം മാറ്റുന്നുണ്ടെന്ന് വി.എച്ച്പി, ബജ്‌റംഗ്ദൾ ഗ്രൂപ്പിലെ അംഗങ്ങളുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി. ഒരാഴ്ചയിലേറെയായി എന്റെ കുടുംബം സ്വയം രക്ഷക്കായി പലയിടത്തും ഓടുകയാണ്. എന്നെയും കുടുംബത്തെയും കുറിച്ച് പൂർണമായും തെറ്റായ ഒരു കഥ പ്രചരിപ്പിച്ചിട്ടുണ്ട്. അവർ എന്റെ സ്കൂൾ അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നു. ആക്രമണം നടന്ന ദിവസത്തെ സി.സി.ടി.വി, ഡി.വി.ആർ റെക്കോർഡിങ്ങുകൾ പൊലീസ് പിടിച്ചെടുത്തതായും ജോഷ്വ പറഞ്ഞു.
കുടുംബത്തെയും സഭാംഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അമ്മയുടെ തലയിലും മുഖത്തും അടിച്ച പ്രതികളിൽ ഒരാൾ പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച്, ‘ഞാൻ നിന്നെ കഷ്ണങ്ങളാക്കും, നിന്നെ ഇനി കവർധയിൽ കണ്ടാൽ കുടുംബത്തോടെ ചുട്ടെരിക്കും’ എന്ന് പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ആളുകളെ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്ന മൊഴി മാറ്റാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പാസ്റ്റർ ജോസ് പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഒരു നിബന്ധന വെച്ചതായി ജോഷ്വ പറഞ്ഞു. ‘നിങ്ങളുടെ ഭാര്യക്കും മക്കൾക്കും നേരെയുള്ള ഒരു ആക്രമണവും പരാമർശിക്കരുതെ’ന്നായിരുന്നു അത്. ‘ഞങ്ങൾ നിശബ്ദമായി ആരാധന നടത്തിക്കൊണ്ടിരുന്ന ഒരു സ്വകാര്യ സ്ഥലത്തേക്ക് മാധ്യമങ്ങളുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ നിങ്ങൾ അതിക്രമിച്ചു കയറി ഞങ്ങളെ ആക്രമിച്ചു. എന്നിട്ട് എങ്ങനെ അത് പരാമർശിക്കാതിരിക്കാൻ കഴിയും?- ജോസ് ചോദിച്ചു.
‘മുൾനിവാസി’ എന്ന പ്രാദേശിക അംബേദ്കറൈറ്റ് സംഘടന ഇടപെട്ടതിനെ തുടർന്ന് രാത്രി 9 മണിയോടെ പോലീസ് സ്റ്റേഷനിൽ നിന്ന് എല്ലാവരെയും വിട്ടയച്ചു. തുടർന്ന് തന്റെ കുടുംബത്തെ ഒരു വനിതാ കോൺസ്റ്റബിളിനൊപ്പം ഒരു കാറിൽ കൊണ്ടുപോയതായി ജോഷ്വ ഓർമിക്കുന്നു. ജനക്കൂട്ടം അവരെ വളഞ്ഞു. അവരെ വൈദ്യപരിശോധനക്കായി കൊണ്ടുപോകുകയാണെന്ന് കോൺസ്റ്റബിൾ പറഞ്ഞതിനാൽ അവിടം വിടാൻ കഴിഞ്ഞു.
അടുത്ത ദിവസം, പൊലീസ് കുടുംബത്തെ സന്ദർശിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനെന്ന വ്യാജേന പാസ്റ്റർ ജോസിനോട് സൈബർ സെല്ലിലേക്ക് തങ്ങളെ കൊണ്ടുപോകുകയാണെന്ന് പറയുകയും ചെയ്തു. കുടുംബം പിതാവിന്റെ മൊബൈലിൽ ട്രാക്കർ ഓണാക്കിയതായി ജോഷ്വ പറഞ്ഞു. എന്നാൽ, പൊലീസ് തന്റെ മൊബൈൽ ഫോണും എടുത്തതായി ജോസ് പറയുന്നു.
പൊലീസ് ഒന്നിലധികം പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായി അറിയിച്ചെങ്കിലും കേസിന്റെ വിശദാംശങ്ങൾ നൽകിയില്ലെന്നും കുടുംബം പറഞ്ഞു അമ്മയും സഹോദരന്മാരും അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നു. ലിജിയും മക്കളും അജ്ഞാതമായ ഒരു സ്ഥലത്തേക്ക് താമസം മാറി.
മെയ് 19ന് പാസ്റ്റർ ജോസിനെ പ്രാദേശിക ജില്ലാ കോടതിയിൽ ഹാജരാക്കി. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. മൊബൈൽ ഫോൺ തിരികെ നൽകി. ഇത് വലതുപക്ഷ ഗ്രൂപ്പുകളെ കൂടുതൽ പ്രകോപിപ്പിച്ചു. 80-100 പേരടങ്ങുന്ന ഒരു ജനക്കൂട്ടം അദ്ദേഹത്തെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കോടതിക്ക് പുറത്ത് തടിച്ചുകൂടി. ദൈവകൃപയാൽ, കാറിൽ ഒളിച്ച് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മകൻ പറഞ്ഞു.
പിന്നീട്, അവരുടെ അഭിഭാഷകൻ അമ്മക്ക് മുൻകൂർ ജാമ്യം നേടാൻ ശ്രമിച്ചപ്പോൾ പൊലീസിനെയും കോടതിയെയും വളഞ്ഞ ഹിന്ദുത്വ അക്രമികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി ഓടിച്ചുവെന്ന് ജോഷ്വ ആരോപിച്ചു. ‘ഹിന്ദുത്വ ഗ്രൂപ്പുകൾ ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പട്ടണം വിടാൻ മുന്നറിയിപ്പ് നൽകുകയും ഞങ്ങളുടെ സ്കൂൾ അടച്ചുപൂട്ടുകയും ചെയ്തു. നിയമപരമായോ പൊലീസിന്റെയോ സഹായം തേടുന്നത് അസാധ്യമാക്കിയിട്ടുണ്ട്. മെയ് 26 ന്, തന്റെ മാതാപിതാക്കൾ ഇനി ഒളിച്ചിരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും സുരക്ഷിതമായ സ്ഥലത്ത് എത്തിയെന്നും ജോഷ്വ പറഞ്ഞു.
എന്നാൽ അവരുടെ സ്ഥലം വെളിപ്പെടുത്താതിരിക്കാൻ ഇവരുടെ കഥ പ്രസിദ്ധീരിച്ച ‘ക്വിന്റ്’ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

