‘അവർ സ്നേഹിക്കുന്നത് ബാബറിനെ, ശ്രീരാമനെയല്ല’; കോൺഗ്രസിനെതിരെ അസം മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെതിരെ വീണ്ടും പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. കോൺഗ്രസ് സ്നേഹിക്കുന്നത് ബാബറിനെയാണെന്നും ഭഗവാൻ ശ്രീരാമനെയല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് അവരുടെ പാപങ്ങൾ കഴുകിക്കളയാനുള്ള സുവർണാവസരമായിരുന്നു പ്രതിഷ്ഠാ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കോൺഗ്രസിന് അവരുടെ പാപങ്ങൾ കഴുകിക്കളയാൻ വിശ്വഹിന്ദു പരിഷത്ത് മികച്ച അവസരം നൽകിയിരുന്നു, പക്ഷെ അവരത് സ്വീകരിച്ചില്ല. കോൺഗ്രസിനെ മറ്റെങ്ങനെയാണ് സഹായിക്കാൻ കഴിയുക?. രാമക്ഷേത്രം പണിയുന്നതിനെതിരായ ഒരു അന്തരീക്ഷം അവർ സൃഷ്ടിച്ചു. എന്നിട്ടും അവരെ ചടങ്ങിലേക്ക് ക്ഷണിച്ചു. കോൺഗ്രസിന് ഇതൊരു സുവർണാവസരമായിരുന്നു’ -അസം മുഖ്യമന്ത്രി പറഞ്ഞു.
‘ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെ എല്ലാവരും ബാബറിന്റെ ശവകുടീരം സന്ദർശിക്കാൻ അഫ്ഗാനിസ്താനിലേക്ക് പോയിട്ടുണ്ട്. അതിനാൽ, അവർ ബാബറിനെയാണ് സ്നേഹിക്കുന്നത്, ഭഗവാൻ രാമനെയല്ല. അവരെ ക്ഷണിച്ച തീരുമാനം തെറ്റായിരുന്നു, ശ്രീരാമനിൽ വിശ്വാസമുള്ളവരെ മാത്രമേ ക്ഷണിക്കേണ്ടിയിരുന്നുള്ളൂ. രാമന്റെയും ബാബറിന്റെയും ഇടയിൽ ഗാന്ധി കുടുംബം ആദ്യം പ്രണാമം അർപ്പിക്കുന്നത് ബാബറിനായിരിക്കും. മഹാത്മാഗാന്ധി രാമരാജ്യം സ്വപ്നം കണ്ടിരുന്നു. എന്നിട്ടും കോൺഗ്രസ് എന്താണ് എതിർക്കുന്നത്?’ -ഹിമന്ദ ചോദിച്ചു.
2005ൽ രാഹുൽ ഗാന്ധി അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ബാബറിന്റെ ശവകുടീരം സന്ദർശിക്കുന്നതിന്റെ ചിത്രം വ്യാഴാഴ്ച സമൂഹ മാധ്യമമായ എക്സിൽ ഹിമന്ദ പങ്കുവെച്ചിരുന്നു. ‘2005ൽ രാഹുൽ ഗാന്ധി ഉൾപ്പെടെ ഗാന്ധി കുടുംബത്തിലെ മൂന്ന് തലമുറകൾ അഫ്ഗാനിസ്താനിലെ ബാബറിന്റെ ശവകുടീരം സന്ദർശിച്ചു. എന്തുകൊണ്ടാണ് രാം ലല്ലയോട് ഇത്ര വെറുപ്പ്? എന്തുകൊണ്ടാണ് നിങ്ങൾ ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്?’ -എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് മതപരമായ ചടങ്ങ് എന്നതിലുപരി ഒരു ബി.ജെ.പി-ആർ.എസ്.എസ് ചടങ്ങാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് ക്ഷണം നിരസിച്ചത്. ‘നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിനാളുകൾ ശ്രീരാമനെ ആരാധിക്കുന്നു. മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയിലെ ക്ഷേത്രത്തിന്റെ രാഷ്ട്രീയ പദ്ധതിയാണ് മുമ്പേ തയാറാക്കിയത്. പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്’ -എന്നിങ്ങനെയായിരുന്നു കോൺഗ്രസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

