'എത്ര നോവിച്ചാലും ജനങ്ങളിൽനിന്ന് മാറ്റാനാവില്ല'; തൃഷയുമായുള്ള അഭ്യൂഹങ്ങളിലും കുടുംബപ്രശ്നങ്ങളിലും പ്രതികരിച്ച് വിജയ്
text_fieldsതിരുനെൽവേലി : നടി തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും ഭാര്യ സംഗീതയുമായുള്ള കുടുംബപ്രശ്നങ്ങളിലും പ്രതികരിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും സിനിമാനടനുമായ വിജയ്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് താരം മനസ്സുതുറന്നത്. വ്യക്തിജീവിതത്തെ ലക്ഷ്യം വെച്ച് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിജയ് ആരോപിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തനിക്കൊപ്പമുള്ളവരെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ തളർത്താനാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾക്ക് എന്നെ കുറ്റപ്പെടുത്താനല്ലാതെ മറ്റൊന്നും അറിയില്ല. എന്റെ വ്യക്തിജീവിതത്തെ അവർ വേട്ടയാടാൻ നോക്കി. അത് വിജയിക്കാതെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് എന്നോട് അടുപ്പമുള്ളവരെക്കുറിച്ച് കള്ളക്കഥകൾ പടച്ചുവിടുന്നതെന്നും വിജയ് പറഞ്ഞു. തന്‍റെ അവസാന ചിത്രമായ 'ജനനായകൻ' വൈകിപ്പിക്കുന്നത് ബോധപൂർവമാണെന്ന് അദ്ദേഹം ആരോപിച്ചു. 'സിനിമയുടെ റിലീസ് തടഞ്ഞത് ആരാണെന്ന് ജനങ്ങൾക്കറിയാം. പുതിയ നിയമങ്ങളുണ്ടാക്കി എന്നെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് അവർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം കരൂരിലുണ്ടായ ദുരന്തത്തെ രാഷ്ട്രീയമായി തനിക്കെതിരെ ഉപയോഗിച്ചെങ്കിലും ജനങ്ങൾ കൈവിട്ടില്ലെന്നും വിജയ് പറഞ്ഞു. എത്ര പരീക്ഷണങ്ങളും വേദനകളും എന്റെ മേൽ അടിച്ചേൽപ്പിച്ചാലും ജനങ്ങളുടെ സ്നേഹത്തിൽ നിന്ന് എന്നെ മാറ്റാൻ ആർക്കും കഴിയില്ല. ഇത്രയധികം ഭാരം ചുമലിലുണ്ടായിട്ടും ഇത്രയും പേർ കൂടെ നിൽക്കുന്നത് വലിയ അത്ഭുതമാണെന്നും വിജയ് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടോളം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചെന്ന വാർത്തകൾ ഫെബ്രുവരിയിലാണ് പുറത്തുവന്നത്. പിന്നാലെ നടി തൃഷയുമായി ബന്ധപ്പെടുത്തി ചില ആരോപണങ്ങളും ഉയർന്നിരുന്നു. കഴിഞ്ഞ മാസം ഇരുവരും ഒരു വിവാഹച്ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വേദിയിൽ തന്റെ സ്വകാര്യ ജീവിതത്തിലെ വിവാദങ്ങൾക്ക് മറുപടിയുമായി വിജയ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

