ബി.എസ്.എഫ് അതിർത്തിയിൽ തള്ളിയവരെ തിരിച്ചയക്കാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി
text_fieldsന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബി.എസ്.എഫ് അതിർത്തിയിൽ തള്ളിയ ഗർഭിണി ഉൾപ്പെടെ ആറുപേർ ഇന്ത്യൻ പൗരന്മാരാണെന്നും തിരിച്ചുകൊണ്ടുപോകാനുള്ള നടപടി സീകരിക്കണമെന്നും ബംഗ്ലാദേശ് കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാളിലെ ബീർഭൂം സ്വദേശികളായവരെ തിരികെ കൊണ്ടുപോകാൻ ധാക്കയിലെ ഇന്ത്യൻ ഹൈകമീഷനോട് കോടതി ആവശ്യപ്പെട്ടു.
സംഭവം നടന്ന് ഏകദേശം നാല് മാസങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നാടുകടത്തിയ നടപടി കൽക്കട്ട ഹൈകോടതി തള്ളുകയും ഇവരെ ഒക്ടോബർ 26നകം തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിന് നിർദേശം നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശ് കോടതിയുടെയും ഉത്തരവ്. ഇവരുടെ കൈവശമുള്ള ആധാർ, ബാംഗാളിലെ താമസ രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ പൗരന്മാരാണെന്ന ഉത്തരവ് ബംഗ്ലാദേശ് കോടതി പുറപ്പെടുവിച്ചത്.
20 വർഷമായി ഡൽഹിയിൽ ആക്രിപെറുക്കി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ബംഗാളിലെ ബീർഭൂം ജില്ലയിലെ പൈക്കർ ഗ്രാമത്തിൽ നിന്നുള്ള സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസ്സുകാരൻ മകൻ എന്നിവരെയും ബീർഭൂം ജില്ലയിലെ ധിത്തോറ ഗ്രാമത്തിലെ 32 വയസ്സുകാരി സ്വീറ്റി ബീബിയെയും ആറും 16 ഉം വയസ്സുള്ള രണ്ട് ആൺമക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ബി.എസ്.എഫിന് കൈമാറി ജൂൺ 26നാണ് അതിർത്തി കടത്തിയത്.
സുനാലി ഖാത്തൂനിന്റെയും സ്വീറ്റി ബീബിയുടെയും മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ ഇവരെ തിരിച്ചുകൊണ്ടുവരാൻ സെപ്റ്റംബർ 26ന് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

