ഇന്ന് 18ന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുന്നത് ഈ ആറ് സംസ്ഥാനങ്ങളിൽ മാത്രം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവരെ വാക്സിനേഷന് വിധേയമാക്കുന്ന യജ്ഞത്തിന് തുടക്കമിടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്സിൻ ക്ഷാമം കാരണം ആറ് സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ യജ്ഞത്തിന് തുടക്കമിട്ടത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഭാഗികമായി വാക്സിനേഷൻ യജ്ഞങ്ങൾ തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിൽ ചില ജില്ലകളിൽ മാത്രമാണ് സൗകര്യം ലഭ്യമാകുക.
വെള്ളിയാഴ്ച മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിന് ലഭ്യമായതിനാൽ മഹാരാഷ്ട്രയിലെ ചില ജില്ലകളിൽ കുത്തിവെപ്പ് തുടങ്ങും. പൂനെ, മുംബൈ, താനെ എന്നിവിടങ്ങളിലേക്ക് 20,000 ഡോസ് വീതം നൽകി. മറ്റിടങ്ങളിലേക്ക് 3000 മുതൽ 10000 ഡോസുകൾ വരെയാണ് നൽകിയത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളിൽ ഒന്നായ മുംബൈയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ മൂന്ന് ദിവസം അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. വാക്സിന് ഡോസ് തികയാതെ വന്നതോടെയാണ് വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രാദേശിക ഭരണകൂടം വാർത്താ കുറിപ്പിൽ അറിയിച്ചു.
ഉത്തർപ്രദേശിലെ 75 ജില്ലകളിൽ ഏഴിടത്ത് മാത്രമാണ് 18ന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്. ലഖ്നോ, കാൺപൂർ, പ്രയാഗ്രാജ്, വാരണാസി, ഖോരക്പൂർ, മീററ്റ്, ബറേലി ജില്ലകളിലാണ് യജ്ഞം ആരംഭിക്കുന്നത്.
രാജസ്ഥാനിൽ അജ്മീർ, ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് വാക്സിനേഷൻ ഉണ്ടാകുക. ഗുജറാത്തിലെ 33 ജില്ലകളിൽ 10 ഇടങ്ങളിൽ മാത്രമാണ് 18ന് മുകളിലുള്ളവർക്ക് വാക്സിനെടുക്കാൻ സാധിക്കുക. കഴിഞ്ഞ ദിവസം വൈകീട്ട് 1.5 ലക്ഷം കോവാക്സിൻ ലഭിച്ചതിനാൽ ഒഡീഷ സർക്കാർ ഇന്ന് വാക്സിനേഷൻ ആരംഭിക്കും.
ചത്തിസ്ഗഢ് സർക്കാറും വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അന്ത്യോദയ കാർഡ് ഉള്ളവർക്കും പിന്നോക്കാവസ്ഥയിലുള്ള ആദിവാസികൾക്കുമാകും ഘട്ടത്തിൽ കൂടുതൽ പരിഗണന ലഭിക്കുക.
മതിയായ വാക്സിൻ ഡോസുകൾ ഇതുവരെ ലഭ്യമാകാത്തിനാൽ 18 വയസ് മുതൽ 44 വയസ്സുവരെ പ്രായമുള്ളവർ മേയ് ഒന്നിന് വാക്സിൻ കേന്ദ്രത്തിൽ എത്തേണ്ടതില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
രണ്ട് ദിവസത്തിനകം മൂന്ന് ലക്ഷം ഡോസ് കോവിഡീൽഡ് വാക്സിൻ എത്തുമന്നും അതിന് ശേഷം കുത്തിവെപ്പ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം മൂലം ഇപ്പോൾ 18ന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നടത്താനാകില്ലെന്ന് അറിയിച്ചിരുന്നു.
ഇന്ന് വാക്സിനേഷൻ ആരംഭിക്കില്ലെന്ന് അസം, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളും വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ മെയ് അഞ്ച് മുതലാണ് 18ന് മുകളിൽ പ്രായമായാവർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

