ഏപ്രിൽ ഒന്ന് മുതൽ എല്ലാം പഴയത് പോലെയല്ല, ശ്രദ്ധിച്ചില്ലേൽ 'എട്ടിന്റെ' പണി കിട്ടുന്ന കാര്യങ്ങൾ ഇതൊക്കെയാണ്
text_fieldsപുതിയ സാമ്പത്തികവർഷം തുടങ്ങുന്ന 2021 ഏപ്രിൽ ഒന്നു മുതൽ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങൾ വരുന്നു. ചിലത് കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളാണെങ്കിൽ മറ്റു ചിലത് സർക്കാർ വിവിധ സമയത്തെടുത്ത തീരുമാനങ്ങളാണ്.
പാൻ-ആധാർ ബന്ധിപ്പിക്കൽ
•പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാൻ സർക്കാർ പലവട്ടം സമയം നീട്ടി നൽകിയിരുന്നു. വീണ്ടും തീയതി നീട്ടിയില്ലെങ്കിൽ 2021 ഏപ്രിൽ ഒന്നു മുതൽ നിലവിലെ പാൻ കാർഡ് തൽക്കാലം റദ്ദാകും. പാനും ആധാറും ബന്ധിപ്പിക്കാൻ ഇന്നുകൂടി ബാക്കിയുണ്ട്. പാൻ റദ്ദായാൽ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം പാൻ സമർപ്പിക്കേണ്ടിടത്ത് അതില്ലാത്തതിന് 10,000 രൂപവരെ പിഴയീടാക്കിയേക്കാം. അതേസമയം, എപ്പോഴാണോ പാനും ആധാറും ബന്ധിപ്പിക്കുന്നത് അന്നു മുതൽ പാൻ കാർഡ് സാധുവാകുകയും ചെയ്യും. ഓഹരി വിൽപന-വാങ്ങൽ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവയടക്കം 15ലേറെ സാമ്പത്തിക ഇടപാടുകൾ പാൻ ഇല്ലെങ്കിൽ തടസ്സപ്പെടും.
ഓട്ടോ ഡെബിറ്റ്
•ആർ.ബി.ഐയുടെ പുതിയ നിയമം നിലവിൽവരുന്നതിനാൽ ഒ.ടി.ടി, മ്യൂച്വൽ ഫണ്ട്, എസ്.ഐ.പി തുടങ്ങിയവക്കായുള്ള ഓട്ടോ ഡെബിറ്റ് (അക്കൗണ്ടിൽനിന്ന് സ്വയം പണം പിൻവലിക്കപ്പെടുന്ന രീതി)സംവിധാനം തടസ്സപ്പെടാൻ സാധ്യത. യു.പി.ഐ, ബാങ്ക് കാർഡുകൾ, വാലറ്റ്, നാഷനൽ പേമെൻറ് കോർപറേഷൻ എന്നിവ വഴിയുള്ള ഇടപാടുകളും തടസ്സപ്പെട്ടേക്കും. ആർ.ബി.ഐ കൂടുതൽ പരിശോധന ഏർപ്പെടുത്തുന്നതിനാലാണ് ഇത്. പുതിയ നിയമപ്രകാരം പണം ഓട്ടോമാറ്റിക്കായി പിൻവലിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.
ആദായ നികുതി റിട്ടേൺ (െഎ.ടി.ആർ)
•2021ലെ ബജറ്റ് പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വർഷം മുതൽ ആദായ നികുതി റിട്ടേൺ(ഐ.ടി.ആർ)ഫയൽ ചെയ്യാത്തവരിൽനിന്ന് ഉയർന്ന പിഴ ഈടാക്കും. രണ്ടുവർഷം തുടർച്ചയായി നൽകാതിരുന്നാൽ പിഴ ഇരട്ടിയാകും.
•75 വയസ്സു കഴിഞ്ഞ, പെൻഷനും പലിശ വരുമാനവും മാത്രമുള്ളവർ അടുത്ത സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യേണ്ട. മറ്റു വരുമാനമുണ്ടെങ്കിൽ ഐ.ടി.ആർ നിർബന്ധം.
•ഐ.ടി.ആറിൽ തെറ്റു വന്നവർക്ക് (2019-20) ഇന്ന് വീണ്ടും നൽകാം. മാർച്ച് 31നുശേഷമാണ് നൽകുന്നതെങ്കിൽ 10,000 രൂപ പിഴയീടാക്കും. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപ വരെയാണെങ്കിൽ 1000 രൂപ പിഴ നൽകിയാൽ മതി.
നികുതിവല വലുതാകും
•അടുത്ത സാമ്പത്തിക വർഷം ഐ.ടി.ആറിൽ കൂടുതൽ വിവരങ്ങൾ നൽകണം. ബാങ്ക്, പോസ്റ്റ് ഓഫിസ്, ഓഹരി നിക്ഷേപം, അതിൽനിന്നുള്ള മൂലധന നേട്ടം എന്നിവ കാണിക്കേണ്ടിവരും. നിലവിൽ വ്യക്തിഗത വിവരങ്ങളും ശമ്പളവും നികുതി, ടി.ഡി.എസ് എന്നിവയുമാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്.
വിവാദ് സെ വിശ്വാസ്
•നികുതി കുടിശ്ശിക തീർപ്പാക്കാനുള്ളവർക്ക് ഈ പദ്ധതി പ്രകാരം റിട്ടേൺ നൽകേണ്ട അവസാന തീയതി ഇന്ന്. നികുതി തുക 2021 ഏപ്രിൽ 30നകം പലിശയില്ലാതെ അടക്കുകയും ചെയ്യാം.
പ്രോവിഡൻറ് ഫണ്ട്
•വർഷം രണ്ടര ലക്ഷത്തിന് മുകളിലുള്ള പ്രോവിഡൻറ് ഫണ്ട് നിക്ഷേപത്തിന് അടുത്ത സാമ്പത്തിക വർഷം മുതൽ നികുതി ഇൗടാക്കും. 20 ലക്ഷത്തിനു മുകളിൽ വാർഷിക ശമ്പളമുള്ളവർക്കാണ് ഇത് ബാധകമാവുക.
എൽ.ടി.സി
•നികുതിയിളവ് ലഭിക്കാൻ സർക്കാർ ജീവനക്കാർ ലീവ് ട്രാവൽ കൺസഷൻ കാഷ് വൗച്ചറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൗച്ചറിൽ ജി.എസ്.ടി നമ്പർ നിർബന്ധം.
ശമ്പളം ഏകീകരണം
•നടപ്പു സാമ്പത്തിക വർഷം രണ്ട് തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തവർ നികുതി നടപടികളുടെ ഭാഗമായി ആദ്യ ശമ്പള വിവരം ഇപ്പോഴത്തെ തൊഴിലുടമക്ക് കൈമാറണം. ഇന്നാണ് അവസാന തീയതി.
ഏഴ് ബാങ്കുകളുടെ പാസ്ബുക്ക്,ചെക്ക് ബുക്ക് മാറും
ദേന ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും ഏപ്രിൽ ഒന്നു മുതൽ അസാധുവാകും. ഈ ബാങ്കുകളുടെ മറ്റ് ബാങ്കുകളുമായുള്ള ലയനം പ്രാബല്യത്തിൽ വരുന്നതിനാലാണിത്.
ഓറിയൻറൽ ബാങ്കും യുനൈറ്റഡ് ബാങ്കും പഞ്ചാബ് നാഷനൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത്.
ലയിക്കുന്ന ബാങ്കുകളിലെ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി, എം.ഐ.സി.ആർ, ശാഖ വിലാസം എന്നിവയും മാറും. ഇതിൽ സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ചെക്ക്ബുക്കിനും പാസ്ബുക്കിനും 2021 ജൂൺ 30വരെ സാധുതയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

