Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിന് അർഹതപ്പെട്ട...

കേരളത്തിന് അർഹതപ്പെട്ട ഒന്നുമില്ലാത്ത ബജറ്റ് -മുസ്‌ലിം ലീഗ്

text_fields
bookmark_border
കേരളത്തിന് അർഹതപ്പെട്ട ഒന്നുമില്ലാത്ത ബജറ്റ് -മുസ്‌ലിം ലീഗ്
cancel

ന്യൂഡൽഹി: കേരളത്തിന് അർഹതപ്പെട്ട ഒന്നുമില്ലാത്ത ബജറ്റാണിതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഡോ. എം. പി അബ്ദുസമദ് സമദാനി എം.പിയും പ്രതികരിച്ചു.

സംസ്ഥാനത്തിന് എയിംസ് ലഭിക്കുമെന്ന പ്രതീക്ഷ പാടെ നിശ്ചലമായി. കൂടാതെ, വിദേശ രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വരികയാണ്. ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശം പോലും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പ്രധാന വികസന പ്രശ്നങ്ങളിലൊന്നാണ് തീരദേശ മേഖലകളുടെ പിന്നോക്കാവസ്ഥ. തീരപ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഈ മേഖലകളുടെ സമഗ്ര വികസനത്തിനും സുരക്ഷക്കുമായി സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട യാതൊരു കാഴ്ചപ്പാടും ബജറ്റിൽ പ്രതിഫലിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

സമഗ്ര വികസനവും സാമൂഹ്യ നീതിയും ഉറപ്പാക്കി പ്രാന്തവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട ബജറ്റിന്റെ സ്ഥാനത്ത്, അവർക്കെതിരായ പ്രതികൂല സമീപനമാണ് ഈ ബജറ്റിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

'ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ' -കെ.സി വേണുഗോപാൽ

ന്യൂഡൽഹി: വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, 'മല എലിയെ പ്രസവിച്ചു' എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. യുവാക്കൾക്കു വേണ്ടി ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളോ ബജറ്റ് വിഹിതമോ ഒന്നുമില്ല. കർഷകർക്ക് തീർത്തും നിരാശാജനകമായ ബജറ്റാണിത്. മിനിമം സപ്പോർട്ട് പ്രൈസ് നിയമപരമാക്കുക എന്ന ദീർഘകാല ആവശ്യം അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റുകളിൽ പറഞ്ഞ കുറെ വാചകങ്ങൾ പുതിയ ഡിസൈനിൽ, 'കർത്തവ്യപഥത്തിൽ നിന്നും ഉണ്ടാക്കിയ ബജറ്റ്' എന്നൊക്കെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു എന്നല്ലാതെ കാതലായ ഒന്നുമില്ല.

ഏറ്റവും സങ്കടകരമായ കാര്യം, കേരളത്തെ ഈ ബജറ്റ് പൂർണമായി അവഗണിച്ചു എന്നതാണ്. 2013-14ൽ യു.പി.എ സർക്കാർ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് 13 വർഷം കഴിഞ്ഞിട്ടും, രാജ്യവ്യാപകമായി നിരവധി എയിംസുകൾ അനൗൺസ് ചെയ്തിട്ടും, ഈ ബജറ്റിലും നൽകിയില്ല. ഏറ്റവും സാധ്യതകളുള്ള ആരോഗ്യം, ടൂറിസം, ആയുർവേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകൾക്ക് കേരളത്തിന് മാത്രമായി ഒരു പദ്ധതിയും ഇല്ല. ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ കാര്യത്തിൽ ഇ. ശ്രീധരൻ വലിയ പ്രതീക്ഷയാണ് നൽകിയത്. അദ്ദേഹം കേന്ദ്രമന്ത്രിയുമായി സംസാരിച്ചിരുന്നു. പക്ഷേ ഇന്ത്യയിലെ ഏഴിടങ്ങളിൽ ഹൈ സ്പീഡ് കോറിഡോർ അനുവദിച്ചിട്ടും കേരളത്തിലില്ല. ബി.ജെ.പി സർക്കാർ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണിത്.

ധാതുമണൽ പ്രത്യേക കോറിഡോറിന്റെ കാര്യത്തിൽ കേരളത്തിന് ആശങ്കകളുണ്ട്. ഇപ്പോൾ ധാതുമേഖലയിലേക്ക് സർക്കാരിന്റെ ഇഷ്ടപ്പെട്ട കോർപ്പറേറ്റുകൾ കടന്നു വന്നിട്ടുണ്ട്. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്ക് മാത്രമാണ്. ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങൾ വന്നാൽ മാത്രമേ ഇതിന്റെ പിന്നിൽ ചതിക്കുഴികൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റൂ. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കുന്ന രീതിയിൽ, നമ്മുടെ ആവാസ വ്യവസ്ഥയെ തകർത്ത് സ്വകാര്യ മേഖലയ്ക്ക് മണൽ ഖനനം ചെയ്യാൻ അനുമതി നൽകുന്നതാണോ എന്ന് അറിയേണ്ടതുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്, ഇതുവരെ കൊടുത്ത പദ്ധതികൾ പോലും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നില്ല, പിന്നെ എങ്ങനെ കൂടുതൽ പദ്ധതികൾ കൊടുക്കും എന്നാണ്. ബി.ജെ.പി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാം നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ വീണ്ടും പദ്ധതികൾ കൊടുത്തത്? അവിടെയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്.

തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാത്തതിന്റെ പേരിൽ ഒരു ഗവൺമെന്റിനെയും കുറ്റപ്പെടുത്താൻ അവർക്ക് അധികാരമില്ല. ബജറ്റിലെ അവഗണന തിരുത്താൻ ബി. ജെ.പി പ്രസിഡന്റ് അടിയന്തരമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ കേരളത്തിന്റെ ശബ്ദം അതിശക്തമായി പാർലമെന്റിൽ ഉയരും. നന്ദി പ്രമേയ ചർച്ചയിലും ബജറ്റ് ചർച്ചയിലും ശക്തമായിട്ടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Union Muslim LeagueIndiaKeralaUnion Budget 2026
News Summary - union government budget 2026- Muslim League
Next Story