‘ഒരു തർക്കവുമില്ല,’ കർണാടകയിൽ മഞ്ഞുരുക്കത്തിന്റെ സൂചനയുമായി ഡി.കെ, സിദ്ധരാമയ്യയുമായി രണ്ടാംഘട്ട ചർച്ച ചൊവ്വാഴ്ച രാവിലെ
text_fieldsബംഗളൂരു: കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച് ഭിന്നതകൾ പരിഹരിക്കാൻ രണ്ടാംഘട്ട ചർച്ചക്കൊരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. രണ്ടാംഘട്ട ചർച്ചകളുടെ ഭാഗമായി വീണ്ടും വരും ദിവസം സിദ്ധരാമയ്യ തന്റെ വസതിയിലെത്തുമെന്ന് ഡി.കെ വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കുന്ന കൂടിക്കാഴ്ചയിൽ കൃത്യമായ ഒത്തുതീർപ്പ് സമവാക്യങ്ങളുണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ ക്ഷണം സ്വീകരിച്ച ഡി.കെ. ശിവകുമാർ അദ്ദേഹത്തിന്റെ വസതിയിൽ പ്രാതലിനെത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും നേതൃമാറ്റമടക്കം വിഷയങ്ങളിൽ ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാർ ഈ ആരോപണങ്ങളെ തള്ളി. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടത്. തുടർന്ന്, ഹൈകമാൻഡ് നിർദേശമനുസരിച്ച് ശനിയാഴ്ച സിദ്ധരാമയ്യുടെ വസതിയിൽ ഇരുവരും പ്രാതൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകി സംയുക്ത വാർത്തസമ്മേളനം നടത്തുകയും ചെയ്തു.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.
പ്രാതൽ ചർച്ചയിൽ 2028 തെരഞ്ഞെടുപ്പാണ് അജണ്ടയായതെന്നായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ സിദ്ധരാമയ്യയുടെ വിശദീകരണം. ‘2028 തെരഞ്ഞെടുപ്പായിരുന്ന ഞങ്ങളുടെ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും വലിയ പ്രാധാന്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ ഭരണത്തിലേക്ക് തിരിച്ചെത്തിക്കുന്നതാണ് ചർച്ചയായത്. ഒന്നിച്ച് മുന്നോട്ടുപോകാൻ ഞങ്ങൾ തമ്മിൽ ധാരണയിലായി. ഞങ്ങൾക്കടിയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നും നിലവിലില്ല, ഭാവിയിൽ ഉണ്ടാവുകയുമില്ല’- സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് സമൂഹമാധ്യമത്തിൽ ഡി.കെ ശിവകുമാറും സമാന നിലപാടുകൾ ആവർത്തിച്ചു.
എന്നാൽ, ഇരുവർക്കുമിടയിൽ അധികാരകൈമാറ്റമടക്കം വിഷയങ്ങളിൽ ഒത്തുതീർപ്പ് ഫോർമുലകൾ ഇനിയും അന്തിമമായിട്ടില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയർന്ന പദവികളിൽ എത്തിക്കാൻ ധാരണയായി എന്നാണ് നിലവിൽ ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ഇത് സംബന്ധിച്ച് വ്യക്തതയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

