എട്ടാം ക്ലാസിലെ പുതിയ സാമൂഹ്യപാഠത്തിൽ ടിപ്പുവും ഹൈദരാലിയും മൈസൂർ യുദ്ധവുമില്ല
text_fieldsncert
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പരിഷ്‍കരിച്ച് പുറത്തിറക്കിയ എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ നിന്ന് ഹൈദരാലിയും ടിപ്പു സുൽത്താനും മൈസൂർ യുദ്ധവും ഔട്ട്! പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
1400 ന്റെ ഒടുവിൽ വാസ്കോ ഡ ഗാമ വന്നതു മുതൽ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം വരെയുള്ള കൊളോണിയൽ കാലത്തിന്റെ ചരിത്രത്തിൽ ടിപ്പു സുൽത്താനെക്കുറിച്ചോ ഹൈദരാലിയെക്കുറിച്ചോ മൈസൂർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഐതിഹാസിക യുദ്ധത്തെക്കുറിച്ചോ പരാമർശമില്ല. കച്ചവടക്കാരായി എത്തി ഭരണം നിർവഹിച്ച ബ്രിട്ടീഷുകാരെക്കുറിച്ചും 1757ലെ പ്ലാസി യുദ്ധത്തെകുറിച്ചും ഇന്ത്യയുടെ സമ്പത്ത് തകർക്കപ്പെട്ടതിനെക്കുറിച്ചുമൊക്കെ പരാമർശമുണ്ട്.
1700 ൽ സന്യാസി-ഫക്കീർ കലാപം, 1800 കളിലെ സാന്താൾ കലാപം, കർഷക കലാപങ്ങൾ ഇവയൊക്കെയാണ് ബ്രിട്ടീഷുകാർക്കെതിരായി നടന്ന ചെറുത്തുനിൽപ്പുകളെന്നും വിവരിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് അവർ മൈസൂർ ഭരണാധികാരികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നു എന്ന പരാമർശം മാത്രമാണുള്ളത്. അതേസമയം ബ്രിട്ടീഷുകാർക്കെതിരായ മാറാത്താ യുദ്ധം സവിസ്തരം എഴുതപ്പെട്ടിട്ടുണ്ട്.
നിർഭാഗ്യവശാൽ എല്ലാ സംഭവങ്ങളും പരാമർശിക്കാനുള്ള സാഹചര്യമില്ല എന്നുമാത്രമാണ് എൻ.സി.ഇ.ആർ.ടിയുടെ ഗ്രൂപ്പ് ചെയർമാൻ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോട് പ്രതികരിച്ചത്. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ചുരുക്കം മാത്രമേ നൽകുന്നുള്ളൂ എന്നും തുടർന്നുള്ള പാഠങ്ങളിൽ വവിരണമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
15ാം നൂറ്റാണ്ടു മുതലുള്ള ലോകത്തെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ വികാസ പരിണാമത്തിന്റെ കാലം പരാമർശിക്കുമ്പോൾ എല്ലായിടത്തും പരിഷ്കാരങ്ങളെത്തിക്കുകയായിരുന്നു എന്ന അവരുടെ അവകാശവാദം പൊളിച്ച് പരമ്പരാഗത ജീവിത സമ്പ്രദായങ്ങളെ തച്ചുടക്കുകയും വൈദേശിക ജീവിതശൈലി അടിച്ചേൽപിക്കുകയുമായിരുന്നു ബ്രിട്ടീഷുകാർ എന്നാണ് വിലയിരുത്തുന്നത്.
16ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് ലോകത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്നും ഇന്ത്യയുടെ സംഭാവനയായിരുന്നെന്നും ഇത് ബ്രിട്ടീഷ് ഭരണ കാലത്ത് കുറഞ്ഞു കുറഞ്ഞ് അവർ ഇന്ത്യ വിടുമ്പോൾ അത് അഞ്ചു ശതമതാനം മാത്രമായി താഴ്ന്നു എന്നും പുസ്തകത്തിലുണ്ട്. 1765 മുതൽ 1938 വരെയുള്ള കാലം ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് കടത്തിയ ധനം ഇന്നത്തെ മൂല്യംവെച്ച് 45 ലക്ഷം കോടി യു.എസ് ഡോളർ വരുമെന്നും വിവരിക്കുന്നു.
ഇന്ത്യൻ റയിൽവേയും തപാൽ സംവിധാനങ്ങളും ബ്രിട്ടീഷ് സംഭാവനയാണെന്ന് പറയുന്നത് തെറ്റാണെന്നും അത് ഇന്ത്യയുടെ നികുതിപ്പണം കൊണ്ട് നിർമിച്ചതും അതിന്റെ ഗുണഫലങ്ങൾ കൂടുതലും അവർതന്നെയാണ് അനുഭവിച്ചത് എന്നുമാണ്. ആയിരക്കണക്കിന് പ്രതിമകൾ, അമൂല്യ രന്തങ്ങൾ, ചിത്രങ്ങൾ, ജുവലറി, ചരിത്രരേഖകൾ തുടങ്ങിയവ അവർ കടത്തിക്കൊണ്ടുപോയതായും പാഠങ്ങളിൽ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

