'രാമൻ ജനിച്ചത് ഇന്ത്യയിലല്ല, നേപ്പാളിൽ'; നിലപാട് ആവർത്തിച്ച് നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി
text_fieldsകാഠ്മണ്ഡു: രാമൻ ജനിച്ചത് ഇന്ത്യയിൽ അല്ലെന്നും നേപ്പാളിലാണെന്നുമുള്ള തന്‍റെ വാദം ആവർത്തിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. അത് പറയാൻ തനിക്ക് ഭയമില്ലെന്നും നേപ്പാളികൾ ഇക്കാര്യം പ്രചരിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം കാഠ്മണ്ഡുവിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യു.എം.എൽ) പരിപാടിയിൽ സംസാരിക്കവേ ആവശ്യപ്പെട്ടു.
രാമൻ മാത്രമല്ല, പരമശിവനും വിശ്വാമിത്രനും ജനിച്ചതും നേപ്പാളിലാണെന്നും അദ്ദേഹം പറഞ്ഞു. 'എങ്ങനെയാണ് രാമൻ മറ്റെവിടെയെങ്കിലുമാണ് ജനിച്ചതെന്ന് ആർക്കെങ്കിലും കഥ മെനയാനാകുക? രാമൻ ജനിച്ചത് നേപ്പാളിലാണ്. നേപ്പാളിന്‍റെ ഭൂപരിധിയിലാണ്. ആ സ്ഥലം ഇപ്പോൾ നേപ്പാളിന് കീഴിലാണ്. എന്നാൽ, അന്ന് അത് നേപ്പാൾ ആയിരുന്നോ എന്ന് എനിക്ക് പറയാൻ കഴിയില്ല. എന്നാൽ, ഇപ്പോൾ അത് നേപ്പാളിന്‍റെ ഭൂമിയാണ്. രാമൻ ദൈവമാണ്. അത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ കാര്യം. രാമൻ ദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക് രാമന്‍റെ ജന്മഭൂമി വിശുദ്ധസ്ഥലമാണ്. നാം അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല. അതിനെക്കുറിച്ച് കൂടുതൽ പ്രസംഗിക്കുന്നില്ല. നമ്മൾ അങ്ങനെ ചെയ്യാൻ ധൈര്യപ്പെടുന്നില്ല. അത് അസ്വസ്ഥതയുണ്ടാക്കുന്നു. എനിക്ക് അരോചകമായും തോന്നുന്നു' -കെ.പി. ശർമ ഒലി പറഞ്ഞു.
ഹിന്ദു പുരാണങ്ങളിലെ മറ്റു ചിലരും നേപ്പാളിൽ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. 'ശിവനും വിശ്വാമിത്രനും നേപ്പാളിൽ നിന്നുള്ളവരാണ്. ഇത് ഞാൻ പറയുന്നതല്ല; വാൽമീകിയുടെ രാമായണത്തിൽ ഇത് എഴുതിയിട്ടുണ്ട്. രാമൻ കോശി നദി കടന്ന് പടിഞ്ഞാറോട്ട് പോയി ലക്ഷ്മണനെ പഠിപ്പിച്ചുവെന്നാണ് വിശ്വാമിത്രൻ പറയുന്നത്. ഇതിഹാസത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ ഇപ്പോൾ നേപ്പാളിലെ സുൻസാരി ജില്ലയിലാണ്. വിശ്വാമിത്രൻ നേപ്പാളിലെ ചതാരയിൽ നിന്നുള്ളയാളാണെന്ന് വ്യക്തമാണ്' -ഒലി പറഞ്ഞു.
രാമനുമായി ബന്ധപ്പെട്ട് നേരത്തെയും ഒലി ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പുരാതന അയോധ്യ നേപ്പാളിലെ ചിത്വാൻ പ്രവിശ്യയിലെ തോറിയിലാണെന്ന് 2020ൽ അദ്ദേഹം പറഞ്ഞിരുന്നു. രാമജന്മഭൂമി നേപ്പാളിലാണെന്നും ഒരു കഥ സൃഷ്ടിച്ച് അത് മറ്റെവിടേക്കെങ്കിലും മാറ്റാനാകില്ലെന്നും അന്ന് പറഞ്ഞിരുന്നു. അയോധ്യ ഇന്ത്യയിലാണെങ്കിൽ മൊബൈൽ ഫോൺ പോലും ഇല്ലാതിരുന്ന അക്കാലത്ത് നേപ്പാളിലെ ജാനക്പൂരിലായിരുന്ന ജാനകിയെ വിവാഹം കഴിക്കാൻ രാമന് എങ്ങനെ വരാൻ കഴിഞ്ഞുവെന്നാണ് ഒലി ചോദിച്ചത്. അതിനർഥം ഈ രണ്ട് സ്ഥലങ്ങളും അടുത്താണെന്നാണ് -ഒലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

