'ഉവൈസിയും ബിൻ ലാദനും തമ്മിൽ വ്യത്യാസമില്ല, നേതാക്കളുടെ അജണ്ട ജിഹാദ്'; വിവാദത്തിന് തിരികൊളുത്തി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ
text_fieldsമഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ, അസദുദ്ദീൻ ഒവൈസി
മുംബൈ: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടിക്ക് എതിരെയും അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെ രംഗത്ത്. എ.ഐ.എം.ഐ.എം ഒരു ഭീകരസംഘടനയാണെന്നും അസദുദ്ദീൻ ഒവൈസിയും ആഗോള ഭീകരൻ ഉസാമ ബിൻ ലാദനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും റാണെ ആരോപിച്ചു. നാസിക് ടി.സി.എസ് ക്കേസിലെ പ്രതിയായ നിദ ഖാന് എ.ഐ.എം.ഐ.എം കോർപ്പറേറ്റർ മതീൻ മജിദ് പട്ടേൽ അഭയം നൽകിയെന്ന ആരോപണത്തിന് പിന്നാലെയാണ് റാണെയുടെ പ്രതികരണം.
മുംബൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിതേഷ് റാണെ വിവാദ പരാമർശങ്ങൾ നടത്തിയത്. 'എ.ഐ.എം.ഐ.എം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു ഭീകരസംഘടനയാണ്. ഉസാമ ബിൻ ലാദൻ അൽഖാഇദയിലൂടെ ചെയ്ത അതേ പ്രവർത്തനങ്ങളാണ് ഇന്ന് അസദുദ്ദീൻ ഉവൈസി തന്റെ പാർട്ടിയിലൂടെ നടപ്പിലാക്കുന്നത്,' -റാണെ പറഞ്ഞു. എ.ഐ.എം.ഐ.എം നേതാക്കൾ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിൽ അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും, അവരുടെ ഒരേയൊരു അജണ്ട 'ജിഹാദ്' ആണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിച്ചത് പോലെ എ.ഐ.എം.ഐ.എമ്മിനെയും ഇന്ത്യയിൽ നിരോധിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
നാസിക്കിലെ ടി.സി.എസ് കേസാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന നിദ ഖാന് എ.ഐ.എം.ഐ.എം നേതാവ് മതീൻ മജിദ് പട്ടേൽ ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തുകൊടുത്തു എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഈ ഗൂഢാലോചനക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
അതേസമയം, മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് നിദ ഖാനെ നാസിക് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഛത്രപതി സംഭാജിനഗറിലെ നരേഗാവ് പ്രദേശത്ത് നാസിക് സിറ്റി പൊലീസും സംഭാജിനഗർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നിദ ഖാൻ അറസ്റ്റിലായത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതേഷ് റാണെയുടെ ഈ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. എ.ഐ.എം.ഐ.എം നേതൃത്വം റാണെയുടെ ആരോപണങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ബി.ജെ.പി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന വിമർശനം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

