തർക്കപരിഹാരത്തിന് യുവ അഭിഭാഷകരെ വെച്ചാൽ രണ്ടുണ്ട് മെച്ചം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിക്ക് പുറത്ത് തർക്കം തീർക്കാൻ യുവ അഭിഭാഷകരെ ആർബിട്രേറ്റർമാരാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി. അങ്ങനെ ചെയ്താൽ കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ കേസുകൾ തീർപ്പാക്കാമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
മുൻ ഹൈകോടതി ജഡ്ജിയായ ആർബ്രിട്രേറ്റർ കേസുകൾ നീട്ടിവെച്ച് ഫീസ് കൂട്ടിവാങ്ങുന്നുവെന്ന് രണ്ടു കക്ഷികളും പരാതിപ്പെട്ടപ്പോഴാണ് സുപ്രീംകോടതി പുതിയ നിർദേശം വെച്ചത്. ഹൈകോടതിയിലായിരിക്കെ ഒരു ആർബിട്രേറ്ററെ നിയമിച്ച അനുഭവം ജസ്റ്റിസ് ചന്ദ്രചൂഡ് പങ്കുവെച്ചു. ആർബിട്രേറ്റർ കൂടുതൽ ഫീസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്ന പരാതിയുമായി രണ്ട് കക്ഷികളുടെയും അഭിഭാഷകർ വന്നപ്പോൾ അദ്ദേഹത്തെ മാറ്റി പകരം യുവ അഭിഭാഷകനെ വെച്ചു.
കേസ് തീർപ്പാക്കിയ യുവ അഭിഭാഷകർ തങ്ങൾക്ക് ഫീസ് വേണ്ടെന്നും കോടതിയെ സഹായിച്ചതിെൻറ ബഹുമതി മതിയെന്നുമാണ് പറഞ്ഞത്. ഫീസ് വാങ്ങാൻ ഒടുവിൽ കോടതിക്ക് നിർബന്ധിക്കേണ്ടിവന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.