പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമുണ്ട്; ശബരിമല കേസിൽ കേന്ദ്രം
text_fieldsന്യൂഡൽഹി: പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത സ്ത്രീ കേന്ദ്രീകൃതമായ മതാചാരങ്ങൾ നിലനിൽക്കുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ടെന്ന് ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വാദിച്ചു. പുരുഷന്മാർ സ്ത്രീവേഷം കെട്ടി പ്രവേശിക്കുന്ന കേരളത്തിലെ ക്ഷേത്രവും, വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. മതാചാരങ്ങൾ എപ്പോഴും പുരുഷാധിപത്യപരമല്ലെന്നും അവ വിശ്വാസങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വാദിച്ചു.
അനുച്ഛേദം 25(2)(ബി) പ്രകാരം വ്യക്തിപരമായ അവകാശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാറിന് അധികാരമുണ്ടെങ്കിലും അനുച്ഛേദം 26 പ്രകാരം മതവിഭാഗത്തിന് തങ്ങളുടെ മതാചാരങ്ങൾ തീരുമാനിക്കാനുള്ള സ്വതന്ത്രമായ അവകാശമുണ്ടെന്ന് എൻ.എസ്.എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ഒരു പ്രത്യേക സമ്പ്രദായത്തിൽ വിശ്വസിക്കുന്നവർ ആ ക്ഷേത്രത്തിലെ ആചാരങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാത്തതും സുവർണ ക്ഷേത്രത്തിൽ തല മറക്കുന്നതും പോലുള്ള ആചാരങ്ങൾ ഓരോ സ്ഥലത്തെയും സമ്പ്രദായങ്ങളുടെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പ്രത്യേക വിഭാഗത്തെ മാത്രം മാറ്റിനിർത്തുന്നത് ഭരണഘടനാപരമായ ധാർമികതക്ക് വിരുദ്ധമാകുമോ എന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു.ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധനാ ഹരജിയടക്കം വിവിധ മതസ്ഥലങ്ങളിലെ സ്ത്രീവിവേചനവും മതസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് വാദം കേൾക്കൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

