പൈലറ്റുമാരില്ല, സർവിസുകൾ കുറക്കേണ്ടിവരും; ആകെ ഉള്ളത് എണ്ണായിരം പൈലറ്റുമാർ
text_fieldsനെടുമ്പാശ്ശേരി: ആവശ്യത്തിന് പൈലറ്റുമാരെ ലഭിക്കാതെ വിമാനക്കമ്പനികൾ പ്രതിസന്ധിയിലേക്ക്. അടുത്തിടെ പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിൽ ചില മാറ്റങ്ങൾ വരുത്തിയതാണ് പ്രശ്നം രൂക്ഷമായത്. പല വിമാനക്കമ്പനികളും കൂടുതൽ വിദേശ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങുകയാണ്.
നിലവിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത 680 എണ്ണത്തിൽ 839 വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. ഇവക്കായി ആകെ എണ്ണായിരം പൈലറ്റുമാർ മാത്രമാണുള്ളത്. പല വിമാനങ്ങളും ഒരു ദിവസം നിരവധി സർവിസുകൾക്കാണ് ഉപയോഗിക്കുന്നത്. പൈലറ്റുമാർക്കാകട്ടെ നിശ്ചിത മണിക്കൂർ മാത്രമേ പറക്കാൻ അനുവാദമുള്ളൂ. അതുകൊണ്ടുതന്നെ കാലാവസ്ഥ പ്രശ്നവും സാങ്കേതിക പ്രശ്നവുംമൂലം വിമാനങ്ങൾ തിരിച്ചുവിടുമ്പോൾ പലപ്പോഴും ചില സർവിസുകൾ റദ്ദാക്കേണ്ടിവരുന്നു.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അംഗീകാരത്തോടെ കൂടുതൽ പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഒരു പൈലറ്റ് കോഴ്സ് പൂർത്തിയാക്കണമെങ്കിൽ ശരാശരി 50 ലക്ഷത്തോളം രൂപ വേണ്ടിവരും. വിമാനക്കമ്പനികൾ പൈലറ്റാകാൻ താൽപര്യമുള്ളവരെ കണ്ടെത്തി പൈലറ്റ് പരിശീലനം നൽകുന്നതിന് സംവിധാനമുണ്ടാക്കിയാലും ഒരുപരിധിവരെ പൈലറ്റ് ക്ഷാമത്തിന് പരിഹാരം സാധ്യമാകും.
നിരവധി വിമാനക്കമ്പനികൾ ആയിരക്കണക്കിന് വിമാനങ്ങൾക്ക് പുതുതായി ഓർഡർ നൽകിയിട്ടുണ്ട്. ഇതിനനുസരിച്ച് പൈലറ്റുമാരെക്കൂടി സജ്ജമാക്കാനായില്ലെങ്കിൽ പുതിയ സർവിസുകൾക്ക് അനുമതി ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

