Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേനി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ടവരിൽ അഞ്ചാമനും പിടിയിൽ; 12 പേർക്കായി ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ

text_fields
bookmark_border
police
cancel

തേനി: തമിഴ്‌നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് ജീവനക്കാരെ ആക്രമിച്ച് തടവുകാർ കൂട്ടത്തോടെ ചാടിപ്പോയ സംഭവത്തിൽ അഞ്ചാമത്തെയാളും പിടിയിലായി. റിമാൻഡ് പ്രതിയായ ലിങ്കേശ്വരൻ (20) ആണ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച രാത്രി അപസ്മാരം അഭിനയിച്ച് ജീവനക്കാരെ മുറിക്കുള്ളിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചാണ് 17 റിമാൻഡ് പ്രതികൾ ജയിൽ മതിലുകൾ കടന്ന് രക്ഷപ്പെട്ടത്.

വീഴ്ച വരുത്തിയ ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ നാല് പേർ പിടിയിലായതിന് പിന്നാലെയാണ് ലിങ്കേശ്വരനും വലയിലായത്. ജയിൽ പരിസരത്തുള്ള കോളജിന് സമീപത്തുനിന്ന് ഇയാളും മറ്റൊരു സ്ത്രീയും കയറിയ ഓട്ടോറിക്ഷ കാനാവിലക്കിലേക്ക് പോകുന്നതിനിടെ വഴിമധ്യേ വെച്ച് ഹെഡ് കോൺസ്റ്റബിൾ തടയുകയായിരുന്നു. സാധാരണ യാത്രക്കാരനാണെന്ന് കരുതിയെന്നും യാത്രയിലുടനീളം ഫോണിൽ എ.ടി.എം വഴി പണം കൈമാറുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും പിടിയിലായ പ്രതിയെക്കുറിച്ച് ഓട്ടോ ഡ്രൈവർ പറഞ്ഞു. ലിങ്കേശ്വരൻ കൂടി കസ്റ്റഡിയിലായതോടെ ഒളിവിലുള്ള ബാക്കി 12 തടവുകാർക്കായി പൊലീസിന്റെ 17 പ്രത്യേക സംഘങ്ങൾ കേരള അതിർത്തി ഗ്രാമങ്ങളിലടക്കം വ്യാപക തിരച്ചിൽ തുടരുകയാണ്.

രക്ഷപെട്ടവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാലാണിത്. വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ് ജയിൽ ചാടിയവരിൽ ഏറെയുമെന്നാണ് സൂചന. രക്ഷപ്പെട്ട തടവുകാരിൽ ഒരാളെ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തതായി സൗത്ത് സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിജയേന്ദ്ര ബിദാരി അറിയിച്ചു. രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. തടവുകാരിൽ ഒരാൾക്ക് സുഖമില്ലെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സെല്ലിലേക്ക് എത്തിയ ജയിൽ ജീവനക്കാരെ പ്രതികൾ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലക്ക് പരിക്കേറ്റു. പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് രണ്ട് പൊലീസുകാർക്കും നിസ്സാര പരിക്കേറ്റു. രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയുന്നതിനായി അവരുടെ ചിത്രങ്ങൾ സമീപ സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theni-sub-jailbreak-fifth-prisoner-arrested-drones-search
Next Story