തേനി ജയിൽ ചാട്ടത്തിൽ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി വിജയ്; ഡെപ്യൂട്ടി സൂപ്രണ്ടിന് സസ്‌പെൻഷൻ, ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsചെന്നൈ: തേനി ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടപടി കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യുകയും ജയിൽ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം നൽകുകയും ചെയ്തു. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
2024 ആഗസ്റ്റ് മുതൽ തേനി ജയിലിൽ സേവനമനുഷ്ഠിച്ചിരുന്ന ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എൻ. രാമലിംഗത്തെയാണ് ജയിൽ ഭരണനിർവഹണത്തിലും സുരക്ഷാ നിരീക്ഷണത്തിലും വീഴ്ച വരുത്തിയെന്നാരോപിച്ച് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ആകെ 17 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കർശന സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തേനി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരെയും പിന്നീട് പിടികൂടിയിരുന്നു. ഇവരെ സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ചെന്നൈക്കു സമീപമുള്ള പുഴൽ അതീവ സുരക്ഷാ ജയിലിൽനിന്ന് ഒക്ടോബർ 20ന് രണ്ട് തടവുകാർ കൂടി രക്ഷപ്പെട്ടിരുന്നു. ഏഴ് പൊലീസ് സംഘങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ട് ദിവസത്തിനുശേഷമാണ് ഇവരെ പിടികൂടിയത്. ഒരാഴ്ചക്കുള്ളിൽ രണ്ട് ജയിൽ ചാട്ടങ്ങൾ നടന്നതോടെയാണ് സർക്കാർ നടപടികൾ ശക്തമാക്കിയത്. സംഭവത്തിന് പിന്നാലെ തമിഴ്‌നാട് ജയിൽ ഡി.ജി.പി സന്ദീപ് റായ് റാത്തോറെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാഴാഴ്ച സ്ഥലംമാറ്റം നൽകിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് തേനി ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ടത്. അപസ്മാരം ബാധിച്ചതായി ഒരാൾ അഭിനയിച്ച് വ്യാജ വൈദ്യപരാതി ഉയർത്തുകയായിരുന്നു. സഹായിക്കാനായി സെൽ തുറന്ന ഗാർഡിനെ തടവുകാർ കീഴ്പ്പെടുത്തി മർദിച്ചെന്നാണ് റിപ്പോർട്ട്.
തുടർന്ന് ജയിലിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ കൈക്കലാക്കി പുറത്തുകടന്ന സംഘം സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അരഞ്ഞാനൈപുതൂർ മേഖലയിൽനിന്ന് മോട്ടോർസൈക്കിളിൽ ഉത്തമപാളയത്തേക്ക് കടന്നു. അമ്മച്ചിപുരത്ത് ഒരാളിൽനിന്ന് ഫോൺ വാങ്ങി ബന്ധുക്കളെയും കൂട്ടാളികളെയും ബന്ധപ്പെട്ട തടവുകാർക്ക് പണവും വസ്ത്രങ്ങളും വാഹനങ്ങളും ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
തടവുകാരെ കണ്ടെത്താൻ 17 പ്രത്യേക പൊലീസ് സംഘങ്ങളും അഞ്ച് പ്രത്യേക ദൗത്യസേനാ യൂണിറ്റുകളും തമിഴ്നാട് സ്പെഷ്യൽ പൊലീസിന്റെ നാല് ബറ്റാലിയനുകളും തിരച്ചിൽ നടത്തി. പകൽസമയത്ത് ഡ്രോണുകൾ ഉപയോഗിച്ച് കാടിനുള്ളിലെ സംശയാസ്പദമായ സ്ഥലങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.
രക്ഷപ്പെട്ടവരിൽ അഞ്ചുപേരെ ചൊവ്വാഴ്ച വൈകിട്ടും എട്ടുപേരെ ബുധനാഴ്ചയും പിടികൂടി കോടതിയിൽ ഹാജരാക്കി. ഇവരെ യഥാക്രമം നവംബർ 10 വരെയും 11 വരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശേഷിച്ച തടവുകാരെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.
ജയിൽ ചാട്ടത്തിൽ നടപടിക്രമങ്ങളിലെ വീഴ്ചകൾ ഉണ്ടായതായി തമിഴ്നാട് മന്ത്രി ആർ. നിർമൽ കുമാർ നേരത്തെ സമ്മതിച്ചിരുന്നു. ജയിലുകളിലെ സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

