ഗർഭപാത്രം ശൂന്യം, നാലു മാസങ്ങളായി കുഞ്ഞ് വളരുന്നത് കരളിനുള്ളിൽ, അത്യന്തം അപകടകരമായ അവസ്ഥയിൽ യുവതി
text_fieldsലക്നോ: യു.പിയിലെ ബുലന്ദ്ഷഹറിൽ യുവതിയുടെ കരളിനുള്ളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തി. 30കാരിയുടെ കരളിനുള്ളിൽ വളരുന്ന കുഞ്ഞിന് നാല് മാസമാണ് പ്രായമെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകത്ത് തന്നെ ഇതുവരെ ഇത്തരം എട്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥയെ ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി എന്നാണ് പറയുന്നത്.
യുവതിക്ക് ദിവസങ്ങളായി കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ അൾട്ടരാസൗണ്ട് സ്കാനിങ്ങ് ചെയ്തെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. തുടർന്ന് ഡോക്ടർമാർ എം.ആർ.ഐ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
തുടർന്നാണ് കരളിന്റെ വലത് ഭാഗത്ത് ഭ്രൂണം കണ്ടെത്തിയത്. 12 ആഴ്ച പ്രായമുള്ള ഭ്രൂണത്തിന് കൃത്യമായ ഹൃദയമിടിപ്പ് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. കരളിൽ നിന്നുള്ള രക്തക്കുഴലുകളാണ് ഭ്രൂണത്തിന് പോഷകങ്ങൾ നൽകുന്നത്. ഇതുവരെ ലോകത്ത് ഇത്തരത്തിൽ എട്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്നാണ് വിവരം. ഭ്രൂണം കരളിൽ കാണപ്പെടുന്നതിനെയാണ് ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി എന്ന് പറയപ്പെടുന്നത്. വൈദ്യശാസ്ത്രത്തിൽ തന്നെ ഏറ്റവും അപൂർവമാണ് ഇത്.
ഇത്തരം ഗർഭധാരണം അമ്മക്ക് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കരൾ പൊട്ടാനോ രക്തസ്രാവത്തിനോ കാരണമാകും. നിലവിൽ ബുലന്ദ്ഷഹറിലെ യുവതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സങ്കീർണമായ ഒരു ശസ്ത്രക്രിയ ആസൂത്രണം ചെയ്യാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

